
'കാന്താര', 'കാന്താര: ചാപ്റ്റര്‍ വണ്‍', എന്നീ ചിത്രങ്ങളിലെ സ്ത്രീകഥാപാത്രസൃഷ്ടിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് കഥ മാറ്റാന്‍ കഴിയില്ലെന്ന് ടൈംസ് നൗവിന് നല്കിയ അഭിമുഖത്തില്‍ ഋഷഭ് പറഞ്ഞു. സമൂഹത്തിലുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഋഷഭ് പറഞ്ഞു.
'കാന്താര' ആദ്യഭാഗത്തിലെ ഒരുരംഗം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകന് നായികയുടെ സമ്മതമില്ലാതെ അരക്കെട്ടില്‍ നുള്ളുന്ന രംഗമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ചിത്രത്തിന്റെ രചയിതാവും സംവിധായകനും കൂടിയായ ഋഷഭ് ഷെട്ടിക്ക് വലിയ പഴി കേള്‍ക്കേണ്ടിവന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഋഷഭ്.
'ആദ്യഭാഗത്തില്‍ ശിവയുടെ യാത്രയായിരുന്നു കാണിച്ചത്. അയാള്‍ നായകന് മാത്രമല്ല വില്ലന്‍ കൂടിയായിരുന്നു. നായകനായ അയാള്‍ എന്തോ തെറ്റ് ചെയ്യുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. അയാള്‍ എന്തുചെയ്യരുതെന്ന് കാണിക്കുകയായിരുന്നു ഞാന്‍. എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതമായിരുന്നു അയാള്‍ ചെയ്യുന്നത്. ഒരുപാട് നെഗറ്റിവിറ്റി അയാള്‍ നേരിട്ടു, ഒടുവില്‍ കഥാപാത്രം തിരിച്ചറിവിലേക്ക് എത്തുന്നു. മാറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കഥ കാണിച്ചുതരുന്നു'- ഋഷഭ് ഷെട്ടി പറഞ്ഞു.
'രസകരവും ശക്തവുമാണ് ആദ്യഭാഗത്തിലെ അമ്മ കഥാപാത്രം. ആളുകള്‍ക്ക് പല അഭിപ്രായങ്ങളും ഉണ്ടാവാം. എന്നുകരുതി കഥ മാറ്റാന്‍ കഴിയില്ല', ഋഷഭ് അഭിപ്രായപ്പെട്ടു.
സിനിമ എപ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. സമൂഹത്തില്‍ കാണുന്നതിനെ പുനരാവിഷ്കരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ അത് പോസിറ്റീവ് ആയിരിക്കും, മറ്റുചിലപ്പോള്‍ നെഗറ്റീവും. നമ്മള് എല്ലാം ആവിഷ്കരിക്കുന്നു, എന്നാലത് എങ്ങനെ സ്വീകരിക്കണം എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. സിനിമകള്‍ക്ക് പ്രധാനപ്പെട്ട ആശയങ്ങളും വിവരങ്ങളും നല്കാന് കഴിയും. ആളുകള്‍ നല്ലത് സ്വീകരിക്കുകയും നെഗറ്റീവായ കാര്യങ്ങള്‍ കണ്ടശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നു'- ഋഷഭ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rishab Shetty addresses criticism regarding female characters in `Kantara` and `Kantara: Chapter One`. He states that stories cannot be changed based on public opinion and reflects societal realities
Published: 08 Oct 2025, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented