വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ യുവനടി റിനി ആൻ ജോർജിനെ കൂകിവിളിച്ച് ആൾക്കൂട്ടം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ നടിക്കുനേരേയാണ് ആളുകൾ കൂകിവിളിച്ചത്. സ്ത്രീകൾ ഉൾപ്പെടെ നടന്നുപോവുന്ന റിനിക്കുനേരെ കൂകിവിളിച്ചു. കൂകിവിളിക്കുന്ന ആൾക്കൂട്ടത്തെ ചിരിച്ചുകൊണ്ട് നേരിടുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

To advertise here,

മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.

കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്.

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ആഘോഷമാക്കാൻ പ്രതീക്ഷിച്ചതിനേക്കാൾ പ്രവർത്തകരായിരുന്നു എത്തിയത്. സദസ്സിൽ 15,000-ത്തോളം സീറ്റുകളാണ് ഒരുക്കിയിരുന്നത്. 60,000 പേരാണ് സ്റ്റേഡിയത്തിലേക്ക് കടന്നതെന്നാണ് ഏകദേശ കണക്ക്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർ, മുൻമുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ചടങ്ങളിൽ പങ്കെടുത്തു.