
മുഖ്യമന്ത്രി വി.ഡി. സതീശന്റേയും മന്ത്രിമാരുടേയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരേ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. തനിക്കെതിരായി സാമൂഹികമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരേ രൂക്ഷമായ ഭാഷയിലാണ് നടി മറുപടി നൽകിയത്. താൻ ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് പരിഹാസങ്ങൾക്ക് നടി മറുപടി നൽകി.
'ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം. മാതൃക രാഷ്ട്രീയപ്രവർത്തകർ. എന്നെ അവതാരം എന്ന് വിളിച്ചു കളിയാകുന്നവർക്കായി, അതേ ഞാൻ അവതാരം തന്നെയാണ് ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം', എന്നായിരുന്നു റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.
റിനിക്കെതിരേ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സാധാരണ പ്രവർത്തകർക്ക് സത്യപ്രതിജ്ഞ നടക്കുന്ന പന്തലിലേക്ക് പ്രവേശം ലഭിക്കാതിരുന്നപ്പോൾ, പാർട്ടിക്കെതിരേ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്ത റിനി ആൻ ജോർജ് എങ്ങനെ വി.ഐ.പി. പാസിൽ അവിടെ കയറിക്കൂടിയെന്ന് വിജിൽ മോഹൻ ചോദിച്ചിരുന്നു.
ഏതെങ്കിലും ഓഫീസിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കും അത്. സ്വപ്‌നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻമുഖ്യമന്ത്രിമാർ അനുഭവിച്ചത് നമുക്ക് അറിയാം. അധികാരമുള്ളപ്പോഴെല്ലാം ഇത്തരം അവതാരങ്ങൾ വരും. സർക്കാരിനെ തകർക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തേയും അനുവദിക്കില്ലെന്നും വിജിൽ മോഹൻ കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ റിനിക്കുനേരെ ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നടിയും മോഡലുമായ റിനി, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു. കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനിയെന്നായിരുന്നു അന്ന് റിനി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്.
കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്.
Content Highlights: Rini Ann George addresses public backlash regarding her attendance at the oath-taking ceremony. The actress dismisses criticism, claiming she is an 'avatar' meant to destroy evil forces. Youth Congress leader Vigil Mohan questions how the actress obtained a VIP pass. The incident follows previous political tensions and controversies involving the actress and political figures
Published: 20 May 2026, 11:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented