യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രശംസിച്ച് നടി മാലാ പാർവതി. പിണറായി വിജയനേയും ബിനോയ് വിശ്വത്തേയും രാജീവ് ചന്ദ്രശേഖറിനേയും എ.എൻ. ഷംസീറിനേയും വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാലാ പാർവതി പറഞ്ഞു. ഇത് അത്യപൂർവമായ കാഴ്ചയായി. മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നുവെന്നും നടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

To advertise here,

രാവിലെ പത്തുമണിയോടെ ആരംഭിച്ച ചടങ്ങളിൽ മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ വിശ്വനാഥ് ആർലേക്കർ സത്യവാചകംചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന് പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

മാലാ പാർവതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

ശ്രീ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്ന സത്യപ്രതിജ്ഞ ചടങ്ങ്, അത്യപൂർവമായ ഒരു പുതുസംസ്‌ക്കാരം രചിച്ചിരിക്കുന്നു. പതിപക്ഷ നേതാക്കളെയും, ആദരവോടെ വേദിയിൽ ഇരിപ്പിടം നൽകിയിരിക്കുന്ന അത്യപൂർവ്വമായ കാഴ്ച. ഇനി കോൺഗ്രസ്സും, യു.ഡി.എഫും മാത്രം എന്ന സ്ഥിരം രീതിയിൽ നിന്നും മാറി, ഞാൻ നയിക്കുന്നത് 'ടീം കേരളത്തെ'യാണ് ‌‌എന്ന് പറയാതെ പറഞ്ഞിരിക്കുന്നു, ശ്രീ വി.ഡി.സതീശൻ.

ശ്രീ പിണറായി വിജയൻ, ശ്രീ ബിനോയ് വിശ്വം, ശ്രീ രാജീവ് ചന്ദ്രശേഖർ, മുൻ സ്പീക്കർ തുടങ്ങിയവരെ വേദിയിൽ പ്രതീക്ഷിച്ചിരുന്നില്ല. അത്യപൂർവ്വമായ കാഴ്ചയായി. കേരളത്തിന് ഒരു പുതു സംസ്‌ക്കാരം, പുതു ശീലം നൽകി. ശ്രീ വി.ഡി സതീശന്റെ നേതൃത്വത്തിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ഈ മന്ത്രിസഭയെ തുറന്ന മനസോടെ അഭിനന്ദിക്കുന്നു.

'ടീം കേരളം' ഇന്ത്യയ്ക്ക് മാതൃകയാവട്ടെ.