ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ റൈഫിൾ ക്ലബ് മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. തോക്കുകൾ കൊണ്ട് കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്കും മേക്കിങ്ങിനുമാണ് ഏറ്റവും കയ്യടി ഉയരുന്നത്. ഇക്കൂട്ടത്തിൽ, റൈഫിൾ ക്ലബിലെ സ്ത്രീ കഥാപാത്രങ്ങളും അവരുടെ പെർഫോമൻസും വലിയ പ്രശംസയാണ് ഏറ്റുവാങ്ങുന്നത്.
മികച്ച ഉന്നമുള്ള ഷൂട്ടേഴ്‌സാണ് റൈഫിൾ ക്ലബിലെ ഓരോ സ്ത്രീകളും. 'തോക്കിനേക്കാൾ നോക്കിന് ഉന്നവും ഉണ്ടയേക്കാൾ മുൻപ് മണ്ട'യുമെത്തുന്നവരാണ് ഇവരോരുത്തരും. ഇട്ടിയാനവും സിസിലിയും കുഞ്ഞോളും സൂസനും ശോശാമയുമെല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളാകുമ്പോൾ, അവരെ സ്‌ക്രീനിൽ എത്തിച്ച വാണി വിശ്വനാഥും, ഉണ്ണിമായ പ്രസാദും, ദർശനയും, സുരഭി ലക്ഷ്മിയും, പൊന്നമ്മ ബാബുവുമെല്ലാം സ്‌ക്രീൻ പ്രസൻസ് കൊണ്ട് ഞെട്ടിക്കുകയാണ്. റൈഫിൽ ക്ലബിലേക്ക് എത്തിച്ചേരുന്ന നാദിയ എന്ന കഥാപാത്രവും ഈ ഗ്യാങ്ങിന് പറ്റിയ ആൾ തന്നെ.
ആകാശം ഇടിഞ്ഞുവീണാലും ചിൽ മൂഡ് വിടാത്ത ഒരു കൂട്ടം പെണ്ണുങ്ങൾ കൂടിയാണിവർ. ഓരോരുത്തരെയും ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്ന ക്യാരക്ടർ ട്രെയ്റ്റുകളുമുണ്ട്. ഒന്നിനുമുന്നിലും കുലുങ്ങാത്ത പ്രകൃതമെന്നത് എല്ലാവരിലും സ്ഥായിയായി ഉണ്ടെങ്കിലും, പ്രതിസന്ധികളെ നേരിടുന്നതും, ജീവിതത്തോടുള്ള കാഴ്ചപ്പാടും ഓരോരുത്തർക്കും വ്യത്യസ്തമാണ്.
തുടക്കത്തിൽ ഷൂട്ടിങ് പ്രാക്ടീസ് ചെയ്യുന്ന സമയത്തും, വേട്ടയെ കുറിച്ച് സംസാരിക്കുമ്പോഴും, ക്ലബിലേക്ക് ബീരയും സംഘവും കയറി വരുമ്പോഴും തുടങ്ങി ക്ലൈമാക്‌സ് സീനുകളിൽ വരെ ഇത് കാണാം. അളന്നുമുറിച്ച ഡയലോഗുകളുള്ള ചിത്രത്തിൽ അവ പ്രേക്ഷകരുടെ മനസിൽ കയറിക്കൂടുംവിധം ഇവരോരുത്തരും പറയുന്നുണ്ട്. പ്രത്യേകിച്ച്, വാണി വിശ്വനാഥിന്റെ ഇട്ടിയാനവും പൊന്നമ്മ ബാബുവിന്റെ ശോശാമയും.
നോട്ടങ്ങൾ കൊണ്ട് പോലും പരസ്പരം മനസിലാക്കുന്ന സ്ത്രീ സൗഹൃദങ്ങളും ചിത്രത്തിലുണ്ട്. സിനിമയിൽ അധികം കടന്നുവന്നിട്ടില്ലാത്ത എലമെന്റുകളിലും ഏച്ചുകൂട്ടലിന്റെ ഭാരമില്ലാതെയുമാണ് റൈഫിൾ ക്ലബിലെ മിക്ക കഥാപാത്രങ്ങളുമെത്തുന്നത്. അക്കൂട്ടത്തിൽ ഏറ്റവും തിളങ്ങിനിൽക്കുന്നത് ഈ സത്രീകൾ തന്നെയാണ്. റൈഫിൾ ക്ലബ് വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതിൽ ലേഡീസ് ഗ്യാങ്ങിന് വലിയ പങ്കുണ്ട്.
തികച്ചും ഒരു റെട്രോ സ്‌റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്. ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള, വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്'. ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നു.
വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമൾ ഷായ്‌സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള വൻ താരനിരയും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്‌കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 'മഞ്ഞുമ്മൽ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ്: റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം: മഷർ ഹംസ, എഡിറ്റർ: വി സാജൻ, സ്റ്റണ്ട്: സുപ്രീം സുന്ദർ, സംഗീതം: റെക്‌സ് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സ്റ്റിൽസ്: റോഷൻ, അർജുൻ കല്ലിങ്കൽ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
Content Highlights: Rifle Club, directed by Ashiq Abu, receives rave reviews for its strong female characters
Published: 22 Dec 2024, 08:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented