അങ്കുർ, മന്ഥൻ തുടങ്ങി എണ്ണമറ്റ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ ദിശതന്നെ മാറ്റിമറിച്ച വിഖ്യാത സംവിധായകൻ... രാജ്യം ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീയും പത്മഭൂഷണും നൽകി ആദരിച്ച സിനിമ പ്രവർത്തകൻ. 90-ാം വയസിൽ ശ്യാം ബെനെഗൽ വിട പറയുമ്പോൾ അത് ലോക സിനിമയ്ക്ക് തന്നെ തീരാനഷ്ടമാണ് സമ്മാനിക്കുന്നത്.
ഡിസംബർ 14 നായിരുന്നു അദ്ദേഹത്തിന്റെ 90-ാം ജന്മദിനം. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ജന്മദിനം ആഘോഷിച്ച് ഒമ്പത് ദിവസങ്ങൾക്കിപ്പുറമാണ് അദ്ദേഹത്തിന്റെ വിയോഗം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. അഞ്ച് പതിറ്റാണ്ടുകളുടെ സിനിമ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്.
1974-ൽ പുറത്തിറങ്ങിയ 'അങ്കുർ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. 'നിശാന്ത്' (1975), 'മന്ഥൻ' (1976), 'ഭൂമിക' (1977) തുടങ്ങിയ അദ്ദേഹത്തിൻ്റെ തുടർന്നുള്ള സിനിമകൾ മുൻനിര ചലച്ചിത്ര സംവിധായകൻ എന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയർത്തി. 'മാണ്ഡി' (1983), 'ത്രികാൽ' (1985), 'സർദാരി ബീഗം' (1996) തുടങ്ങിയ ചിത്രങ്ങളും ഏറെ പ്രശംസ പിടിച്ചുപറ്റിയവയാണ്. 2023-ൽ തിയേറ്ററുകളിൽ എത്തിയ മുജീബ്: ദ മേക്കിംഗ് ഓഫ് എ നേഷൻ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാന ചിത്രം.
പിതാവ് ശ്രീധർ ബി ബെനഗൽ ഫോട്ടോഗ്രാഫറായിരുന്നു. ശ്യാം ബെനഗലിന് പന്ത്രണ്ട് വയസ്സുള്ളപ്പോൾ പിതാവ് സമ്മാനിച്ച ക്യാമറയിലാണ് അദ്ദേഹം തന്റെ ആദ്യ സിനിമ നിർമ്മിക്കുന്നത്. 1962ൽ ഗുജറാത്തി ഭാഷയിൽ തൻ്റെ ആദ്യ ഡോക്യുമെൻ്ററി 'ഘേർ ബേത്ത ഗംഗ' അദ്ദേഹം നിർമ്മിച്ചു. ആദ്യ ഡോക്യുമെൻ്ററി ഒരുക്കി ഒരു ദശാബ്ദത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ ആദ്യ ഫീച്ചർ ഫിലിം പുറത്തെത്തുന്നത്.
പരസ്യ കമ്പനിയില കോപ്പിറൈറ്ററായിട്ടായിരുന്നു ജോലി ആരംഭിച്ചത്. ആദ്യ ഫീച്ചർ സിനിമക്ക് ശേഷം വീണ്ടും കുറച്ചു കാലം ഒരു പരസ്യകമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്. ഈ കലയളവിൽ ഡൊക്യുമെന്ററികളും പരസ്യ ചിത്രങ്ങളുമടക്കം 900 ചിത്രങ്ങൾ ചെയ്തു. 1966 മുതൽ 1973 വരെയുള്ള കാലത്ത് ബെനഗൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967 ൽ അദ്ദേഹമൊരുക്കിയ 'എ ചൈൽഡ് ഓഫ് ദ സ്ട്രീറ്റ്' എന്ന ഡോക്യൂമെന്ററി നിരൂപക പ്രശംസനേടിയിരുന്നു.
'അങ്കുർ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഫീച്ചർ സിനിമ. ആന്ധ്രപ്രദേശിൽ നടക്കുന്ന സാമ്പത്തിക-ലൈംഗിക ചൂഷണത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഈ ചിത്രം ബെനഗലിനെ പ്രശസ്തിയിലേക്ക് ഉയർത്തി. 1975 ൽ ഏറ്റവും നല്ല രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള ചലച്ചിത്രപുരസ്കാരം ശ്യാം ബെനഗലിനും ഏറ്റവും നല്ല നടിക്കുള്ള പുരസ്കാരം ഷബാന ആസ്മിക്കും ഈ ചിത്രം നേടിക്കൊടുത്തു.
ഒരു കൂട്ടം ഭൂവുടമകൾ (സമീന്ദാർമാർ) ഒരു അദ്ധ്യാപകന്റെ ഭാര്യയെ തട്ടികൊണ്ടുപോയി ബലാൽസംഗത്തിന് വിധേയമാക്കുന്നതും അവരുടെ ഭർത്താവിന്റെ സഹായത്തിനായുള്ള അഭ്യർഥന അധികാരികൾ ചെവികൊടുക്കാത്തതുമായ അവസ്ഥ ചിത്രീകരിക്കുന്ന കഥയാണ് രണ്ടാമത്തെ ചിത്രമായ 'നിഷാന്ത്' പറയുന്നത്.
1976 ലെ 'മന്ഥൻ ' ഗ്രാമോദ്ധാരണവും ഗുജറാത്തിലെ ക്ഷീരവ്യവസായത്തിന്റെ പരാധീനതകളാണ് പറയുന്നത്. 48 വർഷങ്ങൾക്കിപ്പുറം 'മന്ഥൻ' ഇക്കഴിഞ്ഞ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നു. ഗ്രാമീണർ ട്രക്കുകളിൽ കുട്ടം കൂട്ടമായി തീയേറ്ററിലെത്തി കണ്ട ചിത്രം എന്ന പ്രത്യേകതയും 'മന്ഥൻ' ചിത്രത്തിനുണ്ട്.
ശശി കപൂറിനെ വെച്ച് ബെനഗൽ എടുത്ത ചിത്രമായിരുന്നു 'ജുനൂൻ'. 1857 ശിപായി ലഹളയുടെ പശ്ചാതലത്തിൽ നടക്കുന്ന വിവിധ ജാതിയിൽ പെട്ടവരുടെ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ശശി കപൂറിനെ തന്നെ നായകനാക്കി മഹാഭാരതത്തെ അടിസ്ഥാനമാക്കി എടുത്തതാണ് 'കലിയുഗ്'. ഈ രണ്ട് ചിത്രവും വേണ്ടത്ര വാണിജ്യവിജയം നേടിയില്ലെങ്കിലും ഫിലിം ഫെയറിന്റെ ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരം നേടി.
രാഷ്ട്രീയവും വേശ്യാവൃത്തിയും വിഷയമാക്കി ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കിയ 'മാണ്ഡി'യും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യൻ റെയിൽവെക്കുവേണ്ടി ചെയ്ത 'യാത്ര' ടെലിവിഷൻ പരമ്പരയ്ക്കും നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന ഗ്രന്ഥത്തെ അടിസ്ഥാനപെടുത്തി ചെയ്ത 'ഭാരത് ഏക് ഖോജ്' എന്ന പരമ്പരക്കും നിരവധി ആരാധകരുണ്ടായിരുന്നു.
Content Highlights: Remembering Shyam Benegal A Legendary Filmmaker
Published: 23 Dec 2024, 09:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented