സൂപ്പര്‍ഹിറ്റ് ചിത്രം ബ്രഹ്‌മാസ്ത്രയുടെ രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് രണ്‍ബീര്‍ കപൂര്‍. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രണ്‍ബീര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ അയാന്‍ മുഖര്‍ജി നിലവില്‍ ഹൃത്വിക് റോഷന്‍ നായകനായ വാര്‍- രണ്ടിന്റെ തിരക്കിലാണ്. ഇതിന് ശേഷം ബ്രഹ്‌മാസ്ത്ര രണ്ടാം ഭാഗത്തിന്റെ  പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കുമെന്നും രണ്‍ബീര്‍ വെളിപ്പെടുത്തി.

To advertise here,

'അയാന്‍ വളരെക്കാലമായി ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന ഒന്നാണ് ബ്രഹ്‌മാസ്ത്ര 2. അദ്ദേഹം ഇപ്പോള്‍ വാര്‍ 2-വിന്റെ പണിപ്പുരയിലാണ്. ഈ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞാല്‍, ബ്രഹ്‌മാസ്ത്ര 2-ന്റെ പ്രീ-പ്രൊഡക്ഷന്‍ ആരംഭിക്കും. തീര്‍ച്ചയായും അത് സംഭവിക്കും. ബ്രഹ്‌മാസ്ത്ര 2-നെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിട്ടില്ല. പക്ഷേ, ചില പ്രഖ്യാപനങ്ങള്‍ ഉടന്‍ തന്നെ ഉണ്ടാകും.'- രണ്‍ബീര്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ അയാന്‍ മുഖര്‍ജി വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് ടു: ദേവ്' 2026 ഡിസംബറില്‍ റിലീസ് ചെയ്യുമെന്നും 2027 ഡിസംബറിലാകും ബ്രഹ്‌മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുകയെന്നും സംവിധായകന്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. 

രണ്‍ബീര്‍കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ 'ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ'യിൽ അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍, മൗനി റോയി തുടങ്ങിയവരും ഉണ്ടായിരുന്നു. 2022 സെപ്തംബറിലാണ് ചിത്രം പുറത്തിറങ്ങിയത്. കോവിഡിന് ശേഷം ബോക്സോഫീസില്‍ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ഏകദേശം 450 കോടിയോളമാണ് ചിത്രം ബോക്സോഫീസില്‍ നിന്നും നേടിയത്.