രൺബീർ കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് അയൻ മുഖർജി സംവിധാനം 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ'. കോവിഡിന് ശേഷം ബോക്‌സോഫീസിൽ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്. 

To advertise here,

ഇപ്പോഴിതാ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അയൻ മുഖർജി. സാമൂഹികമാധ്യമത്തിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബ്രഹ്മാസ്ത്ര പാർട്ട് ടു: ദേവ്' 2026 ഡിസംബറിൽ റിലീസ് ചെയ്യും. 2027 ഡിസംബറിലാകും ബ്രഹ്മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുക. 

ആദ്യ ഭാഗത്തിൽ നിന്നും വ്യത്യസ്തമായി വമ്പൻ മാറ്റങ്ങളോടെയാകും ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തുക. ആദ്യ ഭാഗത്തെക്കാളും വലിയ ബജറ്റിലായിരിക്കും ചിത്രങ്ങൾ ഒരുക്കുകയെന്ന് അയൻ മുഖർജി സൂചിപ്പിച്ചു. ചിത്രങ്ങളുടെ തിരക്കഥ പൂർണമാക്കാൻ കുറച്ചുകൂടി സമയം വേണമെന്നും രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കുമെന്നും സംവിധായകൻ വെളിപ്പെടുത്തി. രൺബീർ അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവ് ദേവിന്റെ കഥയാണ് രണ്ടാംഭാഗം.

2022 സെപ്തംബറിലാണ് 'ബ്രഹ്മാസ്ത്ര പാർട്ട് വൺ: ശിവ' പുറത്തിറങ്ങിയത്. അമിതാഭ് ബച്ചൻ, നാഗാർജുന, ഷാരൂഖ് ഖാൻ, മൗനി റോയി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. ഏകദേശം 450 കോടിയോളമാണ് ചിത്രം ബോക്‌സോഫീസിൽ നിന്നും നേടിയത്.