മുഴുവൻ സമയ രാഷ്ട്രീയത്തിലിറങ്ങിയത് ഉത്തമ ബോധ്യത്തോടെയാണെന്ന് നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി. പെട്ടെന്ന് ഒരുദിവസം എം.എൽ.എയായി എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവസ്ഥ തനിക്കില്ലെന്നും നടൻ, മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ഓണപ്പരിപാടിയിൽ പറഞ്ഞു. കോൺഗ്രസിൽ തനിക്ക് പ്രകടമായ പക്ഷങ്ങളില്ലെന്നും ചോദ്യത്തിന് ഉത്തരമായി പിഷാരടി കൂട്ടിച്ചേർത്തു.

To advertise here,

'ഉത്തമബോധ്യത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. പെട്ടെന്ന് ഒരു ദിവസം രാവിലെ എം.എൽ.എയായിപ്പോയിട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അവസ്ഥയില്ല. രാഷ്ട്രീയത്തിൽ ഇറങ്ങിയശേഷം പേഴ്‌സണൽ സ്‌പെയ്‌സ് വളരെ കുറവാണ്. കോൺഗ്രസിൽ എനിക്ക് പ്രകടമായ പക്ഷങ്ങളില്ല. ഇപ്പോൾ കൂടുതൽ സമയവും പാലക്കാട് തന്നെയാണ്', എന്നായിരുന്നു അവതാരകയുടെ ചോദ്യത്തിന് രമേഷ് പിഷാരടിയുടെ മറുപടി.

മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള ചോദ്യത്തിനും പിഷാരടി മറുപടി നൽകി. 'പലർക്കും സൗഹൃദം ഒരു ബിസിനസ് ആയി തുടങ്ങി. ആളുകൾക്ക് ഞങ്ങൾ ഒരുമിച്ച് നടക്കുന്നതിലെ ബിസിനസ് മനസിലാവുന്നില്ല. 'അവന് സിനിമയിൽ അവസരം കിട്ടാനാണ്, നിലനിൽപ്പിന്റെ പ്രശ്‌നമാണ്', എന്നൊക്കെ എന്നെക്കുറിച്ച് പറയും. മമ്മൂക്കയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവർക്ക് ഒരു കാരണം കിട്ടുന്നുണ്ടാവില്ല. അത് പ്രൊഫൈൽ മാച്ച് ആവാത്തതുകൊണ്ടാണ്. രണ്ടു മനുഷ്യരായി കണ്ടാൽ അത്ര പ്രശ്‌നമുണ്ടാവില്ല', പിഷാരടി പറഞ്ഞു.

'എനിക്ക് അറിയില്ല. ലോട്ടറി അടിച്ചു, ഭാഗ്യം എന്ന് പറയുന്നത് പോലെയാവാം. എനിക്ക് ഓർമവെച്ച് തുടങ്ങുന്ന സമയത്ത് ഇവർ സ്റ്റാറാണ്. ജീവിതത്തിൽ ഉടനീളം കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിൽ ഇവരുടെ സിനിമകളും അഭിമുഖങ്ങളും സ്വാധീനിച്ചിട്ടുണ്ട്', മമ്മൂട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് പിഷാരടി കൂട്ടിച്ചേർത്തു.

'എറണാകുളത്തുനിന്ന് വന്നപ്പോൾ പോഷകാഹാരക്കുറവുണ്ടെന്ന് എന്നോടൊരാൾ പറഞ്ഞല്ലോ', എന്ന അവതാരകയുടെ തമാശരൂപേണയുള്ള ചോദ്യത്തിനും പിഷാരടി മറുപടി നൽകി. 'ഞങ്ങൾ പോഷകാഹാരം എന്ന് പറയുന്നത് മമ്മൂക്കയുടെ വീട്ടിലെ ഭക്ഷണത്തിനാണ്. എന്റെ വീട്ടിൽ വെജിറ്റേറിയൻ ആണ്. ഞാൻ നോൺ കഴിക്കുന്നതിനെ ഇവർ പോഷകാഹാരം എന്നാണ് വിളിക്കുന്നത്. എനിക്ക് എന്തെങ്കിലും പോഷകാഹാരം ലഭിക്കണമെങ്കിൽ മമ്മൂക്കയുടെ വീട്ടിൽ പോകണം എന്നാണ് ഇവർ പറയുന്നത്. പോഷകാഹാരം ഒക്കെ തീർന്നു, മമ്മൂക്കയെ ഫോണിൽ വിളിയാണ് കൂടുതൽ. നേരിൽ പോയി കാണുന്നത് കുറവാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.