
സുഷമ ആനന്ദ് അകോജു, രാംഗോപാല്‍ വര്‍മ | Photo: X/ Ram Gopal Varma, Special Arrangement
1989-ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ബാലതാരത്തോട് മാപ്പുചോദിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ. തന്റെ കന്നിചിത്രത്തില്‍ നാഗാര്‍ജുനയ്ക്ക് ഒപ്പം ഒരു സീനില്‍ അഭിനയിച്ച സുഷമ ആനന്ദ് അകോജുവിനോടാണ് രാംഗോപാല്‍ വര്‍മ മാപ്പുചോദിച്ചത്. 1989-ല്‍ പുറത്തിറങ്ങിയ 'ശിവ'യാണ് രാംഗോപാല്‍ വര്‍മയുടെ ആദ്യചിത്രം.
'ശിവ'യിലെ ഒരു സ്റ്റണ്ട് സീനില്‍ സൈക്കിള്‍ ചേസില്‍ നാഗാര്‍ജുനയ്‌ക്കൊപ്പം സുഷമ പ്രത്യക്ഷപ്പെട്ടിരുന്നു. അനന്തരവള്‍ക്കൊപ്പം സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ നായകനെ വില്ലന്മാര്‍ പിന്തുടരുന്നതാണ് സീന്‍. നടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാംഗോപാല്‍ വര്‍മ കഴിഞ്ഞദിവസം അവരെ പരിചയപ്പെടുത്തിയത്. നാഗാര്‍ജുനയ്‌ക്കൊപ്പം സൈക്കിളിന്റെ ബാറില്‍ ഇരിക്കുന്ന നടി സുഷമ ഇപ്പോള്‍ എഐ- കോഗ്നിറ്റീവ് സയന്‍സില്‍ യുഎസില്‍ ഗവേഷണം നടത്തുകയാണെന്നായിരുന്നു രാംഗോപാല്‍ വര്‍മയുടെ പോസ്റ്റ്.
ഇതിനോട് പ്രതികരിച്ച സുഷമ സംവിധായകന് നന്ദി പറഞ്ഞു. 'ശിവ'യുടെ ഭാഗമായി ഓര്‍മിക്കപ്പെടുന്നത് തനിക്കൊരു ആദരമാണ്. ബാലതാരമെന്ന നിലയില്‍ ആ അനുഭവം മറക്കാന്‍ പറ്റാത്തതാണ്. ഇത്തരമൊരു ഐതിഹാസിക ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സുഷമ കുറിച്ചു.
പിന്നാലെയാണ് സംവിധായകന്‍ നടിയോട് മാപ്പുപറഞ്ഞത്. 'അത്തരമൊരു ട്രൊമാറ്റിക്കായ അനുഭവത്തിലൂടെ നിങ്ങള്‍ക്ക് കടന്നുപോകേണ്ടിവന്നതില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. അക്കാലത്ത് ഞാന്‍ അത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നിലെ സംവിധായകന്റെ അത്യാഗ്രഹം, നിങ്ങളെപ്പോലൊരു കൊച്ചുകുട്ടിയെ അത്തരം ഷോട്ടിന് വിധേയമാക്കുന്നതിലെ അപകടം കാണാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു', അദ്ദേഹം കുറിച്ചു.
'ശിവയുടെ ഭാഗമായത് ഞാന്‍ നെഞ്ചോടുചേര്‍ക്കുന്ന ഒരു ഓര്‍മയാണ്. ആ സൈക്കിള്‍ ചെയ്സിലെ സാഹസികത എന്നെ സ്വാധീനിക്കുകയും, പിന്നീടുള്ള എന്റെ ബൗദ്ധികമായ സാഹസങ്ങള്‍ക്ക് എന്നെ പാകപ്പെടുത്തുകയും ചെയ്തു. മാന്ത്രികമായ ഒന്നിന്റെ ഭാഗമായപ്പോള്‍ എനിക്ക് സുരക്ഷിതത്വവും ആവേശവുമാണ് തോന്നിയത്', എന്നായിരുന്നു നടിയുടെ പ്രതികരണം.
രാംഗോപാല്‍ വര്‍മയുടെ ആദ്യസംവിധാന സംരംഭത്തില്‍ നാഗാര്‍ജുനയും അമലയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമാണ് ശിവ. രഘുവരനും ചിത്രത്തില്‍ നിര്‍ണായ കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ 4K പതിപ്പ് വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും.
Content Highlights: Ram Gopal Varma apologizes to Sushma Anand Akoju, a child actor from his 1989 film `Shiva`, for a traumatic experience during a stunt scene
Published: 13 Nov 2025, 06:38 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented