ഓട്ടോമൊബൈൽ ഷോയായ 'കാർസ് വിത്ത് സ്റ്റാർസ്' സീസൺ 2-ന്റെ ഫിനാലെയിൽ അതിഥിയായി നടൻ രാം ചരൺ ഈയിടെ പങ്കെടുത്തിരുന്നു. പരിപാടിയിലെ ചില ചോദ്യങ്ങൾക്ക് രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്.

To advertise here,

മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ പാസഞ്ചർ സീറ്റിലിരുന്ന് യാത്ര ചെയ്യുകയാണെങ്കിൽ ഡ്രൈവർ സീറ്റിൽ സിനിമ മേഖലയിലെ ആരെ വിശ്വസിച്ച് ഇരുത്തും എന്നതായിരുന്നു ഒരു ചോദ്യം. ഇക്കാര്യത്തിൽ സുഹൃത്തും തെലുങ്ക് സൂപ്പർതാരവുമായ ജൂനിയർ എൻ.ടി.ആറിനെയാണ് തനിക്ക് വിശ്വാസമെന്നായിരുന്നു രാം ചരണിന്റെ മറുപടി. എൻ.ടി.ആറിനെ 'ക്രേസി, മാഡ്' ഡ്രൈവർ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.പാസഞ്ചർ സീറ്റിലിരിക്കുന്നതിനേക്കാൾ തനിക്ക് സ്റ്റിയറിങ് വീൽ പിടിക്കുന്നതാണ് ഇഷ്ടമെന്നും രാം ചരൺ പറഞ്ഞു.

‘ഡ്രൈവിങ് ആസ്വദിക്കുന്ന വളരെ കുറച്ച് സഹതാരങ്ങളേയുള്ളൂ. എൻ.ടി.ആർ ഒരു 'ക്രേസി, മാഡ്' ഡ്രൈവർ ആണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പാസഞ്ചർ സീറ്റിൽ ഇരുന്ന സുഹൃത്തുക്കൾക്ക് വളരെ വിചിത്രമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കേട്ടിട്ടുണ്ട്. എനിക്കും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ, കൂട്ടത്തിൽ ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കുന്നത് അദ്ദേഹമായിരിക്കാം’, രാം ചരൺ കൂട്ടിച്ചേർത്തു.

2025-ൽ, ഷങ്കർ സംവിധാനം ചെയ്ത 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിലാണ് രാം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മാർച്ച് മാസത്തിൽ റിലീസ് ചെയ്യുന്ന, സ്പോർട്സ് ആക്ഷൻ ഡ്രാമയായ 'പെഡ്ഡി'യാണ് ഇനി തീയേറ്ററുകളിൽ എത്താനിരിക്കുന്ന സിനിമ. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് എൻ.ടി.ആർ. ഈ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അയൻ മുഖർജിയുടെ 'വാർ 2' എന്ന ചിത്രത്തിലൂടെ എൻ.ടി.ആർ ബോളിവുഡിലും അരങ്ങേറിയിരുന്നു.