തിഹാർ ജയിൽ വാസത്തെക്കുറിച്ചും അവിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ചും മനസ്സ് തുറന്ന് ബോളിവുഡ് താരം രാജ്പാൽ യാദവ്. ഏത് സാഹചര്യത്തിലും അതിജീവിക്കാൻ താൻ പഠിച്ചുവെന്നും ജയിൽ ജീവിതം തന്നെ അച്ചടക്കം പഠിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രമുഖ സംവിധായികയും കൊറിയോഗ്രാഫറുമായ ഫറാ ഖാനുമായുള്ള ഒരു സംഭാഷണത്തിലാണ് രാജ്പാൽ യാദവ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

To advertise here,

മുംബൈയിലെ തന്റെ കഷ്ടപ്പാട് നിറഞ്ഞ കാലത്ത് സുഹൃത്തുക്കൾക്കൊപ്പം താമസിക്കുമ്പോൾ പാകം ചെയ്തിരുന്ന 'മിക്സഡ് വെജിറ്റബിൾ റൈസ്' പാകം ചെയ്തുകൊണ്ടാണ് ഫറാ ഖാന്റെ വ്ലോഗിൽ അദ്ദേഹം ഓർമകൾ പങ്കുവെച്ചത്. തിഹാർ ജയിലിൽ കഴിയുമ്പോൾ കർശനമായ അച്ചടക്കം പാലിക്കണമായിരുന്നു. തന്റെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടത്തിൽ സിനിമാ മേഖലയിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു.

ഏകദേശം 9 കോടി രൂപയുടെ കടബാധ്യതയും ചെക്ക് മടങ്ങിയ കേസുമാണ് താരത്തെ നിയമക്കുരുക്കിലാക്കിയത്. 2010-ൽ അദ്ദേഹം സംവിധാനം ചെയ്ത 'അട്ടാ പട്ടാ ലാപ്പട്ടാ' എന്ന ചിത്രത്തിന് വേണ്ടി ഡൽഹി ആസ്ഥാനമായുള്ള കമ്പനിയിൽ നിന്ന് വാങ്ങിയ 5 കോടി രൂപയുടെ വായ്പയാണ് എല്ലാത്തിന്റെയും തുടക്കം. ചിത്രം പരാജയപ്പെട്ടതിനെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ നിയമതർക്കങ്ങളിലേക്ക് നയിക്കുകയും 2018-ൽ കോടതി അദ്ദേഹത്തിന് ആറ് മാസത്തെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയ അദ്ദേഹത്തിന് 1.5 കോടി രൂപ കെട്ടിവെച്ചതിനെ തുടർന്ന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

അതിനിടെ ആറ് കോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ കുടിശ്ശിക തീർക്കാൻ രാജ്പാൽ യാദവിന് കൂടുതൽ സമയം നൽകാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി, സെറ്റിൽമെന്റിനായി 30 ദിവസത്തെ സമയം കൂടി വേണമെന്ന യാദവിന്റെ അഭ്യർഥന തള്ളി. മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിലുണ്ടായ വീഴ്ചയും കോടതി നടപടികളിലെ വൈകലും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വർണകാന്ത ശർമ്മ ഈ കർശന നിലപാട് സ്വീകരിച്ചത്.

അതേസമയം തന്റെ കരിയറിലെ അടുത്ത വലിയ ചുവടുവെപ്പിനായുള്ള തയ്യാറെടുപ്പിലാണ് രാജ്പാൽ യാദവ് ഇപ്പോൾ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ലാ' എന്ന ഹൊറർ-കോമഡി ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്പാൽ. അക്ഷയ് കുമാർ, പരേഷ് റാവൽ എന്നിവർക്കൊപ്പം അദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രം ഏപ്രിൽ 17-ന് തിയേറ്ററുകളിൽ എത്തും.