രൂപത്തിൽ കാര്യമായ മാറ്റങ്ങളുമായി പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം രാജ്കുമാർ റാവു അക്കാരണത്താൽതന്നെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മുംബൈയിൽ നടന്ന ബോൽത്തി ഖിട്ക്കിയാൻ ഷോർട്ട്ഫിലിം ഫെസ്റ്റിവലിനെത്തിയ രാജ്കുമാറിന്റെ വീഡിയോ ഇന്റർനെറ്റിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തു. കറുത്ത ഷർട്ടും ജീൻസും കണ്ണടയും ധരിച്ചാണ് അദ്ദേഹം പരിപാടിയ്ക്കെത്തിയത്.
പിന്നാലെ രാജ്കുമാറിന്റെ ഹെയർസ്റ്റൈലിൽ ആളുകൾ അസ്വാഭാവികത കണ്ടെത്തി. അദ്ദേഹത്തിന് കാര്യമായ മുടികൊഴിച്ചിലുണ്ടെന്നും കാണാൻ പ്രായമായിത്തുടങ്ങിയെന്നുമെല്ലാം ആളുകൾ കമന്റുചെയ്തു. ചിലർ രൂപമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, മറ്റുചിലർ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ബയോപിക് സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റമായിരിക്കാം ഇതെന്ന സംശയം ഉന്നയിച്ചു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ. തന്റെ രൂപമാറ്റം മുടികൊഴിച്ചിൽ കാരണമല്ലെന്നും വരാനിരിക്കുന്ന നികാം എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണെന്നും താരം വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികത്തിന്റേയും സൗരവ് ഗാംഗുലിയുടേയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിലാണ് രാജ്കുമാർ റാവു പ്രതികരണം പങ്കുവെച്ചത്. ഈ രണ്ട് കഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് രാജ്കുമാർ.
'എന്റെ കലയിലൂടെയാണ് ഞാൻ നിലകൊള്ളുന്നത്. എന്റെ അടുത്ത ബയോപിക് ആയ നികം ചിത്രീകരണം പൂർത്തിയായി. ശാരീരികമായ മാറ്റങ്ങൾ ആവശ്യപ്പെടുന്ന വേഷങ്ങൾ ചെയ്യാൻ എനിക്ക് ഏറെ ഇഷ്ടമാണ്. എനിക്ക് കഠിനാധ്വാനത്തിലൂടെ ഒരു കഥാപാത്രത്തിന്റെ രൂപം കൈവരിക്കാൻ കഴിയുന്നിടത്തോളം പ്രോസ്തെറ്റിക് വിദ്യയിൽ വിശ്വസിക്കുന്ന ആളല്ല ഞാൻ. നികം എന്ന ചിത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുന്നതിലും പ്രായം തോന്നിക്കുന്ന രൂപത്തിലും, എന്റെ ഹെയർസ്റ്റൈലിസ്റ്റ് എതിർത്തിട്ടും തലമുടി കുറയ്ക്കുന്ന കാര്യത്തിലും ഞാൻ ആ മാറ്റം കൊണ്ടുവന്നു. ബോസ് എന്ന ചിത്രത്തിന് വേണ്ടി പകുതി കഷണ്ടിയായ രൂപത്തിലേക്ക് മാറുന്നതും ശരീരഭാരം കൂട്ടുന്നതും ട്രാപ്ഡ് എന്ന സിനിമയ്ക്കായി ഭക്ഷണം ഉപേക്ഷിച്ച് അമിതമായി ഭാരം കുറയ്ക്കുന്നതും എല്ലാവരും വിലക്കിയിരുന്നു. അതുപോലെ, ശ്രീകാന്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ക്യാമറ ഓൺ ചെയ്യാത്ത സമയത്തുപോലും കാഴ്ചപരിമിതിയുള്ള ഒരാളെപ്പോലെ പെരുമാറരുതെന്നും പലരും എന്നോട് പറഞ്ഞിരുന്നു.'
'നികം എന്ന ചിത്രത്തിന് വേണ്ടി എനിക്ക് ഒമ്പതുമുതൽ പത്തുകിലോഗ്രാം വരെ ഭാരം കൈവരിക്കേണ്ടിയിരുന്നു. അതിനായി രണ്ട് പിസയും ധാരാളം മധുരവും എനിക്കേറെ ഇഷ്ടപ്പെട്ട ആലൂ പറാത്തയും ബിരിയാണിയുമെല്ലാം കഴിക്കുമായിരുന്നു. കഥാപാത്രമായി മാറുന്നതിനായി ഗ്ലാമർ തോന്നിക്കുന്ന യാതൊന്നും ഉപയോഗിച്ചിരുന്നില്ല.'
'താമസിയാതെ ചിത്രം പുറത്തിറങ്ങും. അപ്പോൾ നിങ്ങൾക്ക് എന്റെ ആ കഠിനാധ്വാനമെല്ലാം അതിൽ കാണാം. ഇപ്പോൾ ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. ഈ അമിതഭാരമെല്ലാം കുറയ്ക്കാനും ഗാംഗുലി മോഡിലേക്ക് മാറാനുമുള്ള സമയമാണിത്. നമ്മുടെ സ്വന്തം ദാദ. എന്റെ ജോലിയിലൂടെ നിങ്ങളെ രസിപ്പിക്കാനും നിങ്ങളുമായി സംവദിക്കാനും ഞാൻ എന്നും കഠിനമായി പ്രയത്നിക്കും. ഒരുപാട് സ്നേഹം.'- രാജ് കുമാർ കൂട്ടിച്ചേർത്തു.
പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് നികം. ഒരു ദശാബ്ദത്തിനിടെ മഹാരാഷ്ട്രയിലെ പ്രമാദമായ നിരവധി കേസുകൾ കൈകാര്യം ചെയ്തയാളാണ് അദ്ദേഹം. 30 വധശിക്ഷാവിധികളും, 600 ജീവപര്യന്തവും നേടിയെടുത്ത അഭിഭാഷകൻ. അജ്മൽ കസബിനെ പ്രോസിക്യൂട്ട് ചെയ്തതിലൂടെ ശ്രദ്ധേയനാണ് ഉജ്ജ്വൽ നികം. മഡ്ഡോഗ് ഫിലിംസ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അവിനാഷ് അരുൺ ആണ്. ചിത്രം ഈ വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതു കൂടാതെ, വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്യുന്ന സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കിനായുള്ള തയ്യാറെടുപ്പിലാണ് രാജ്കുമാർ റാവു. ഈ ചിത്രത്തിൽ ഇതിഹാസ ക്രിക്കറ്റ് താരമായാണ് നടൻ എത്തുന്നത്.
Content Highlights: Rajkummar Rao Reveals Shocking New Look for Ujjwal Nikam Biopic; Shuts Down Hair Loss Rumors.
Published: 17 Feb 2026, 04:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented