ജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ റിലീസ് അടുത്തമാസം 14-ന് റിലീസ് ചെയ്യുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ രജനിയെക്കുറിച്ചുള്ള ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ലോകേഷ്. രജനികാന്ത് ആത്മകഥയെഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് സംവിധായകൻ പറഞ്ഞത്. കൂലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അദ്ദേഹം എഴുതുന്നത് കാണാമായിരുന്നെന്ന് ലോകേഷ് പറഞ്ഞു.

To advertise here,

കൂലി എന്ന ചിത്രത്തിന്റെ അവസാനത്തെ രണ്ട് ഷെഡ്യൂളുകൾക്കിടെ രജനികാന്ത് ആത്മകഥയെഴുതുന്ന തിരക്കിലായിരുന്നുവെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. അദ്ദേഹം എല്ലാദിവസവും എഴുതുമായിരുന്നു. ജീവിതത്തിലെ ഏത് ഘട്ടത്തേക്കുറിച്ചാണ് എഴുതുന്നതെന്ന് ഓരോ ദിവസവും ചെന്ന് താൻ ചോദിക്കുമായിരുന്നെന്നും ലോകേഷ് പറഞ്ഞു.

"മറ്റാരുമായും പങ്കുവെക്കാത്ത കാര്യങ്ങൾ സൂപ്പർസ്റ്റാർ പങ്കുവെച്ചിട്ടുണ്ട്. ആ അനുഭവം എപ്പോഴും എൻ്റെ ഹൃദയത്തോട് ചേര്‍ന്നുനിൽക്കുന്ന ഒന്നായിരിക്കും. ആ മനുഷ്യൻ കടന്നുപോയ അനുഭവങ്ങളാണ് അതിൽ നിന്നും ഉൾക്കൊള്ളാനാവുന്നത്. അദ്ദേഹം തരണം ചെയ്ത പ്രതിസന്ധികളാണ് ഞാനുൾപ്പെടെ എല്ലാവരെയും അദ്ദേഹവുമായി ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം," ലോകേഷ് പറഞ്ഞു.

അതേസമയം, ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിദേശ വിതരണാവകാശം സ്വന്തമാക്കിയതിലൂടെ 'കൂലി' ഇതിനകം വാർത്തകളിൽ ഇടംപിടിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്ര വിതരണ രംഗത്തെ പ്രമുഖരായ ഹംസിനി എന്റർടെയ്ൻമെന്റ് ആണ് ചിത്രത്തിന്റെ ആഗോള വിതരണം ഏറ്റെടുത്തിരിക്കുന്നത്. 100-ലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും.

നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്.