ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യിൽ, രജനികാന്തിന്റെ കഥാപാത്രമായ ദേവയുടെ ദീർഘകാലത്തെ സുഹൃത്തായ കലീഷയായാണ് ഉപേന്ദ്ര എത്തിയത്.

രജനീകാന്ത് നായകനായ കൂലി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിൽ എന്തിന് അഭിനയിച്ചു എന്ന വിമർശനത്തിന് മറുപടിയുമായി നടനും സംവിധായകനുമായ ഉപേന്ദ്ര. രജനികാന്തിനൊപ്പം പ്രവർത്തിക്കാനുള്ള അവസരം മാത്രമാണ് ഈ ചിത്രത്തിൽ അഭിനയിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ഉപേന്ദ്ര വ്യക്തമാക്കി. ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്തതിന് ശേഷം ഉപേന്ദ്രയുടെ റോളിനെക്കുറിച്ച് ധാരാളം ചർച്ചകൾ ഉയർന്നിരുന്നു. ഗലാട്ട പ്ലസിനോടാണ് അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിച്ചത്.
തനിക്ക് ലഭിച്ച റോളിന്റെ വലുപ്പത്തെക്കുറിച്ച് യാതൊരു സങ്കോചവുമില്ലെന്നും രജനികാന്തിനൊപ്പം അല്പസമയമെങ്കിലും പ്രത്യക്ഷപ്പെടുന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും ഉപേന്ദ്ര പറഞ്ഞു. താൻ 'കൂലി' ചെയ്തത് രജനീകാന്തിന് വേണ്ടി മാത്രമാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല. താൻ അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ആരാധകൻ മാത്രമല്ല, ഭക്തനാണ്. അദ്ദേഹത്തിന്റെ പ്രകടനം, കഴിവ്, തത്ത്വചിന്ത, ജീവിതരീതി എന്നിവയെല്ലാം തനിക്ക് പ്രചോദനമാണ്. തലൈവർ തലൈവർ തന്നെയെന്നും ഉപേന്ദ്ര പറഞ്ഞു.
"അദ്ദേഹത്തിന് വേണ്ടി, ഒരു ഷോട്ടിന് വേണ്ടി മാത്രമാണെങ്കിലും എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ ചെയ്തേനെ. അദ്ദേഹത്തോടൊപ്പം സ്ക്രീൻ പങ്കിടുന്ന കാര്യത്തിൽ എന്റെ സ്ക്രീൻ ടൈമിനെക്കുറിച്ച് എനിക്ക് യാതൊരു ഖേദവുമില്ല. അദ്ദേഹത്തിന്റെ അരികിൽ നിൽക്കാൻ അവസരം ലഭിച്ചാൽ പോലും ഞാൻ സന്തോഷവാനാണ്. തുടക്കത്തിൽ, എനിക്ക് ഒരു ഫൈറ്റ് സീൻ മാത്രമുണ്ടായിരുന്നപ്പോഴാണ് ഞാൻ സിനിമയിൽ ഒപ്പുവെച്ചത്. പിന്നീട്, അവർ എന്റെ കഥാപാത്രത്തെ കൂടുതൽ വികസിപ്പിച്ച് ഏതാനും രംഗങ്ങൾ കൂടി കൂട്ടിച്ചേർത്തു." ഉപേന്ദ്ര പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'കൂലി'യിൽ, രജനികാന്തിന്റെ കഥാപാത്രമായ ദേവയുടെ ദീർഘകാലത്തെ സുഹൃത്തായ കലീഷയായാണ് ഉപേന്ദ്ര എത്തിയത്. നിലവിൽ രാജ് ബി. ഷെട്ടി, ശിവ രാജ്കുമാർ എന്നിവർക്കൊപ്പമുള്ള കന്നഡ ചിത്രമായ '45'ന്റെ പ്രചാരണത്തിലാണ് ഉപേന്ദ്ര. അർജുൻ ജന്യ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 25-ന് റിലീസ് ചെയ്യും.
'45' കൂടാതെ, ബുദ്ധിവാന്ത 2, ത്രിശൂലം, ഗറില്ല വാർ, സംവിധായകൻ കാർവ നവനീത് ഒരുക്കുന്ന ചിത്രം എന്നിവയുൾപ്പെടെ പ്രോജക്ടുകളും ഉപേന്ദ്രയുടെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Kannada actor Upendra explains his decision to join Rajinikanth`s `Coolie,` prioritizing the chance to work with his idol over screentime.
Published: 24 Dec 2025, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented