
കേരളത്തിലേയും തമിഴ്നാട്ടിലേയും പ്രേക്ഷകർ ഒരുപോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർതണ്ട-ഡബിൾ എക്സ്. കാർത്തിക് സുബ്ബരാജ് തന്നെ സംവിധാനം ചെയ്ത ജിഗർതണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം.
രാഘവാ ലോറൻസും എസ്.ജെ. സൂര്യയുമാണ് ഡബിൾ എക്സിൽ മുഖ്യവേഷങ്ങളിൽ. എന്നാൽ കാർത്തിക് സുബ്ബരാജ് പുറത്തുവിട്ട പുത്തൻ പോസ്റ്ററിൽ ഇവർക്ക് പകരം മറ്റുരണ്ടുപേരാണുള്ളത്. രാഘവാ ലോറൻസിന് പകരം രജനികാന്തിനേയും എസ്.ജെ. സൂര്യക്കുപകരം കമൽഹാസനേയുമാണ് പോസ്റ്ററിൽ കാണാനാവുക. കുറച്ച് ദശകങ്ങൾക്ക് മുമ്പ് ജനിച്ചിരുന്നെങ്കിൽ ഡബിൾ എക്സ് എന്ന ചിത്രത്തിൽ ഇവരാകുമായിരുന്നു നായകന്മാർ എന്നാണ് പോസ്റ്ററിന് കാർത്തിക് സുബ്ബരാജ് നൽകിയിരിക്കുന്ന തലക്കെട്ട്.
പോസ്റ്റർ കണ്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് എന്നാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഇങ്ങനെയൊരു പോസ്റ്റർ തീരെ പ്രതീക്ഷിച്ചില്ലെന്നും ചിത്രത്തേക്കുറിച്ചുള്ള ഹൈപ്പ് കൂടിയെന്നുമാണ് മിക്ക പ്രതികരണങ്ങളും. ഇങ്ങനെയൊരു ചിത്രം വന്നാൽ ഗംഭീരമായിരിക്കും. ഇരുവരേയും വെച്ച് ഇപ്പോൾ വേണമെങ്കിലും സിനിമയെടുക്കാമല്ലോ. ഇങ്ങനെയൊരു സിനിമ വന്നാൽ അത് ചരിത്രമാകും എന്നെല്ലാം പോകുന്നു കമന്റുകൾ.
നിമിഷ സജയൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിൽ. 2014 ഓഗസ്റ്റ് ഒന്നിന് റിലീസ് ചെയ്ത 'ജിഗർതണ്ട'യുടെ തുടർഭാഗമാണ് 'ജിഗർതണ്ടാ ഡബിൾ എക്സ്'. കതിരേശന്റെ നിർമ്മാണത്തിൽ ഒരുക്കിയ ആദ്യഭാഗത്തിൽ സിദ്ധാർഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
തിരുനവുക്കരസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന 'ജിഗർതണ്ട ഡബിൾ എക്സ്'ന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്. നവംബർ 10 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ദുൽഖർ സൽമാൻന്റെ വേഫെയറർ ഫിലിംസാണ് സ്വന്തമായിരിക്കുന്നത്.
Content Highlights: rajinikanth and kamal haasan in jigarthanda 2 double x movie, new poster out karthik subbaraj
Published: 09 Nov 2023, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented