നിലവിൽ ചികിത്സ പൂർത്തിയായെന്നും പൂർണ ആരോഗ്യവാനായി തിരിച്ചെത്തുകയാണെന്നും രാജേഷ് ശർമ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ജോലിയിൽ വീണ്ടും സജീവമാകാൻ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷയർപ്പിച്ചു.

പ്രഭാസ് നായകനാകുന്ന 'ഫൗജി' സിനിമയുടെ ചിത്രീകരണത്തിനിടെ പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സ തേടിയെന്ന വാർത്ത നിഷേധിച്ച് നടൻ രാജേഷ് ശർമ. സെറ്റിൽവെച്ച് പ്രാണിയുടെ കടിയേറ്റതിനെത്തുടർന്നാണ് ചികിത്സ തേടിയത് എന്ന വാർത്ത താരം തള്ളി. ഏറെ നാളായി വലതുകാലിലുണ്ടായിരുന്ന ചർമപ്രശ്‌നം അണുബാധയായി മാറിയതും പ്രമേഹം ഉയർന്നതുമാണ് ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് താരം വ്യക്തമാക്കി.
കഴിഞ്ഞ ജൂലായിലാണ് രാജേഷ് ശർമയെ കൊൽക്കത്തയിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാമോജി ഫിലിം സിറ്റിയിലെ ചിത്രീകരണത്തിന് ശേഷം സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചു നിൽക്കുമ്പോൾ പ്രാണിയുടെ കടിയേറ്റെന്ന് രാജേഷ് ശർമയുടെ സുഹൃത്തും നടിയുമായ സുദീപ്ത ചാറ്റർജി സാമൂഹികമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പ്രാണിയുടെ കടിയേറ്റതിനെ തുടർന്ന് ആരോഗ്യനില വഷളായെന്നുമായിരുന്നു സുദീപ്ത അറിയിച്ചത്. എന്നാൽ വാർത്ത തെറ്റാണെന്നും പ്രഭാസിന്റെ സിനിമയുടെ സെറ്റിൽ വച്ച് അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും രാജേഷ് ശർമ പറഞ്ഞു.
'ഹൈദരാബാദിൽ ചിത്രീകരണത്തിലായിരുന്നപ്പോൾ എനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. കൊൽക്കത്തയിൽ തിരിച്ചെത്തി ഒന്നോ രണ്ടോ ദിവസത്തിന് ശേഷമാണ് അവസ്ഥ ഗുരുതരമായത്. പ്രമേഹം വളരെ കൂടുതലായിരുന്നു. തുടക്കത്തിൽ ഞാൻ കാര്യമായി എടുത്തിരുന്നതുമില്ല,' അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, സുദീപ്ത തന്നോടുള്ള കരുതലിന്റെ പുറത്താണ് പോസ്റ്റ് പങ്കുവെച്ചതെന്ന് രാജേഷ് ശർമ പറഞ്ഞു. എന്നാൽ, ലഭിച്ച വിവരം തെറ്റായതാവാമെന്നും നടൻ കൂട്ടിച്ചേർത്തു.
പ്രാണിയുടെ കടിയേറ്റെന്ന് കരുതുന്ന ഭാഗത്ത് ആറുമണിക്കൂറിന് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടു. തുടർന്ന് കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയ്ക്കിടെ പനിയും അസ്വസ്ഥതയും ഉണ്ടാകുകയുമായിരുന്നു എന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
നിലവിൽ ചികിത്സ പൂർത്തിയായെന്നും പൂർണ ആരോഗ്യവാനായി തിരിച്ചെത്തുകയാണെന്നും രാജേഷ് ശർമ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ജോലിയിൽ വീണ്ടും സജീവമാകാൻ സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷയർപ്പിച്ചു.
പ്രിയദർശൻ സംവിധാനം ചെയ്ത് സെയ്ഫ് അലി ഖാൻ, അക്ഷയ് കുമാർ, സയാമി ഖേർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഹൈവാൻ' ആണ് റിലീസിന് ഒരുങ്ങുന്ന രാജേഷ് ശർമയുടെ പുതിയ ചിത്രം. പ്രഭാസ് നായകനാവുന്ന ഹനു രാഘവപുടി ചിത്രം 'ഫൗജി'യിൽ രാജേഷ് ശർമ പ്രധാന വേഷത്തിലുണ്ട്.
Published: 08 Sept 2026, 02:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented