തിരുവനന്തപുരം: നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഈച്ചശല്യം വ്യാപകമായി. ഒപ്പം പകർച്ചവ്യാധി ഭീഷണിയും. അടുക്കളയിലും ഊൺമേശയിലുംവരെ ഈച്ച നിറയുമ്പോൾ ഭക്ഷണംകഴിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ജനം. മഴക്കാലത്താണ് ഈച്ചശല്യം കൂടുന്നതെന്ന് പറയുമ്പോഴും പലയിടങ്ങളിലും മാസങ്ങൾക്കു മുൻപേ ഈച്ചശല്യം രൂക്ഷമാണ്.

To advertise here,

വീടിനുള്ളിലേക്ക് ഈച്ച കയറാതിരിക്കാൻ സകലവിദ്യയും പരീക്ഷിക്കുകയാണ് ആളുകൾ. പല ചായക്കടകളിലും കയറാൻ പറ്റാത്ത അവസ്ഥയാണ്. ചക്ക, മാങ്ങ സീസണിൽ ഈച്ചകൾ പെരുകുന്നത് സാധാരണമാണെങ്കിലും ഇത്ര പൊറുതിമുട്ടുന്നത് ആദ്യമായാണ്. ഇതു എന്തുകൊണ്ടാണെന്ന് ആരോഗ്യവകുപ്പ് അധികൃതർക്കും വിശദീകരിക്കാൻ പറ്റുന്നില്ല.

നഗരത്തിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഈച്ചശല്യം വ്യാപകമാണ്. പൂവച്ചൽ പഞ്ചായത്തിലെ വലിയവിള, നവജ്യോതിനഗർ, വീരണകാവ്, കീഴ്വാണ്ട പ്രദേശങ്ങളിൽ നാട്ടുകാർ പഞ്ചായത്തിനും ആരോഗ്യവകുപ്പിനും പരാതി നൽകി. ആരോഗ്യവകുപ്പ് പ്രദേശത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും പരിഹാരമില്ലാതെ നട്ടംതിരിയുകയാണ് നാട്ടുകാർ.

മൂന്ന് മാസംമുൻപ് കാട്ടാക്കട പഞ്ചായത്തിലെ കുരുതംകോട് പ്രദേശത്തും സമാന സ്ഥിതിയുണ്ടായിരുന്നു. ഇവിടെ തൂണിപ്പാട്, കളത്തറ പ്രദേശത്തെ കോഴിവളർത്തൽകേന്ദ്രത്തിൽ ചത്തകോഴികളെ അശാസ്ത്രീയമായി മറവുചെയ്തതാണ് ഈച്ചശല്യത്തിനു കാരണമായത്. പഞ്ചായത്തധികൃതർ ഇടപെട്ട് ഇവയെ ശരിയായരീതിയിൽ മറവു ചെയ്യുകയും കോഴിഫാം പൂട്ടുകയും ചെയ്തതോടെ ഈച്ചശല്യം കുറഞ്ഞു.

അശാസ്ത്രീയമായി പ്രവർത്തിക്കുന്ന കോഴിവളർത്തൽകേന്ദ്രങ്ങളാണ് പൂവച്ചൽ പഞ്ചായത്തിലും പ്രശ്‌നത്തിനു കാരണമെന്ന് പ്രദേശത്തുകാർ ആരോപിക്കുന്നു.

എന്നാൽ കോഴിഫാമുകളിൽനിന്നോ മാലിന്യകേന്ദ്രങ്ങളിൽനിന്നോ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നാണ് പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതറുടെ വാദം. ഭക്ഷണശാലകളിലുൾപ്പെടെ ഈച്ചകൾ കൂട്ടമായി നിറയുന്നതോടെ പലയിടങ്ങളിലും കച്ചവടത്തെ ബാധിക്കുന്ന സ്ഥിതിയാണ്.

നേത്രരോഗങ്ങൾ പകരാൻ സാധ്യതയുള്ളതിനാൽ വ്യക്തിശുചിത്വം ഉൾപ്പെടെ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.