ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്‌യുടെ ‘ജനനായകൻ’ സിനിമയ്ക്ക് രാഹുൽ ഗാന്ധി നൽകിയ പിന്തുണയിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്ന് കോൺഗ്രസ്. കേന്ദ്രത്തിന്റെയും സെൻസർ ബോർഡിന്റെയും ജനാധിപത്യവിരുദ്ധ രീതികളെക്കുറിച്ചുമാത്രമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ലക്ഷ്യംവെച്ചതെന്നും ഇതിനുപിന്നിൽ രാഷ്ട്രീയമോ തിരഞ്ഞെടുപ്പ് പ്രചോദനമോ ഇല്ലെന്നും തമിഴ്നാട് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

To advertise here,

രാഹുൽ നൽകിയ പിന്തുണയെ വിജയ്‌യുമായുള്ള സൗഹൃദമായി കണക്കാക്കിയാൽമതിയെന്ന് ടിവികെയും പ്രതികരിച്ചു. രാഹുലിന്റെ പരാമർശം തിരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെടുത്തരുത്. സഖ്യകാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക വിജയ് മാത്രമായിരിക്കുമെന്നും ടിവികെ നേതൃത്വം വ്യക്തമാക്കി. 

‘ജനനായകനെ’ രാഹുൽ പിന്തുണച്ചത് മോദി സർക്കാരിന്റെ ജനാധിപത്യവിരുദ്ധവും ഫാസിസ്റ്റു നയത്തെയും തുറന്നുകാട്ടാനാണ്. കോൺഗ്രസ് ഡിഎംകെ സഖ്യത്തിൽത്തന്നെ തുടരും. ഇക്കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിൽ സൗഹാർദപരമായി ഇടപെടുന്നവരാണ്. കരൂർ ദുരന്തമുണ്ടായപ്പോൾ രാഹുൽ വിജയ്‌യോട് സംസാരിച്ചിരുന്നു. അതേ സൗഹൃദമാണ് ജനനായകന്റെ കാര്യത്തിലും കാട്ടിയതെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കി. ‘ജനനായകനെ’ തടയാനുള്ള വിവര-പ്രക്ഷേപണ മന്ത്രാലയത്തിന്റെ ശ്രമം തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുൽ എക്സിൽ ചൊവ്വാഴ്ച കുറിച്ചിരുന്നു. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്തുന്നതിൽ പ്രധാനമന്ത്രിക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.