മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് നടൻ ആർ മാധവൻ. തമിഴിലും ഹിന്ദിയിലുമൊക്കെയായി താരം നിരവധി നല്ല കഥാപാത്രങ്ങൾ കാഴ്ച്ചവെച്ചു. മാധവൻ പ്രധാനവേഷങ്ങളിലൊന്ന് കൈകാര്യം ചെയ്ത ധുരന്ധർ എന്ന ഹിറ്റ് ബോളിവുഡ് ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങാനിരിക്കുകയാണ്. ഇപ്പോഴിതാ സിനിമാലോകത്തുനിന്ന് 2016-ൽ സാലാ ഖാഡൂസ് ചെയ്യുന്നതിനുമുമ്പ് ബ്രേക്ക് എടുത്തതിനേക്കുറിച്ച് സംസാരിക്കുകയാണ് താരം.  

To advertise here,

അൺഫിൽറ്റേർഡ് എന്റർടെയ്ൻമെന്റ്സിനോട് സംസാരിക്കവേയാണ് മാധവൻ ഇതേക്കുറിച്ച് പങ്കുവെച്ചത്. ചെയ്യുന്ന ജോലിയിൽ നിരാശ തോന്നിയതിനാലാണ് അന്ന് ബ്രേക്ക് എടുക്കാൻ തീരുമാനിച്ചതെന്ന് മാധവൻ പറഞ്ഞു.

ഒരിക്കൽ ഒരു തമിഴ് ഗാനത്തിന്റെ ഷൂട്ടിനായി സ്വിറ്റ്സർലന്റിൽ പോയപ്പോൾ, അവിടെയുണ്ടായിരുന്ന സ്വിസ് കർഷകൻ ഇവരെന്താണ് ചെയ്യുന്നതെന്ന ഭാവത്തിൽ പുച്ഛത്തോടെ നോക്കി. ആദ്യം തനിക്ക് ദേഷ്യംതോന്നിയെങ്കിലും പിന്നീട് അതേക്കുറിച്ചു ചിന്തിച്ചു. മറ്റുള്ളവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അവസ്ഥയായിരുന്നു. താൻ നന്നായി സംസാരിക്കാനറിയുന്ന ആളാണ്, തോക്ക് ഉപയോഗിക്കാനറിയാം, കുതിര സവാരി ചെയ്യും, ഒരുപാടുകാര്യങ്ങൾ ചെയ്യും. പക്ഷേ എന്റെ സിനിമകളിൽ ഇതൊന്നും കാണിക്കുന്നില്ല. പ്രേക്ഷകരെ ആകർഷിക്കുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. പിന്നീട് താൻ ചെയ്യുന്നത് തെറ്റാണെന്ന് സ്വയം തിരിച്ചറിഞ്ഞുവെന്നും മാധവൻ പറഞ്ഞു.

ഒട്ടും സന്തോഷത്തോടെയല്ല താൻ ജോലി ചെയ്യുന്നതെന്ന് ഭാര്യ തിരിച്ചറിഞ്ഞതിനേക്കുറിച്ചും മാധവൻ പറഞ്ഞു. എന്താണ് തനിക്ക് പറ്റിയതെന്ന് ചോദിച്ച ഭാര്യ, നീ ജോലിക്കുപോകുന്നത് അതിൽ നിന്ന് തിരികെവരണം എന്നതുപോലെയാണെന്ന് പറഞ്ഞു. അത് തന്നെ ഇരുത്തിച്ചിന്തിപ്പിക്കുകയും ബ്രേക്ക് എടുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. പരസ്യച്ചിത്രങ്ങളിൽപ്പോലും അഭിനയിക്കുന്നത് നിർത്തുകയും ധാരാളം യാത്രകൾ ചെയ്യുകയും ചെയ്തു. അന്ന് ബ്രേക്കെടുത്തപ്പോൾ ലഭിച്ച ഉൾക്കാഴ്ചയിൽ നിന്നാണ് ഇന്നും ജീവിക്കുന്നതെന്നും മാധവൻ പറഞ്ഞു.

ബ്രേക്കിനുശേഷം തിരിച്ചുവന്നപ്പോഴാണ് തനിക്കൊപ്പം ജോലിചെയ്തിരുന്ന സംവിധായകൻ തന്നെപ്പോലെ പുരോഗമന ചിന്താഗതിക്കാരല്ലെന്ന് മനസ്സിലാക്കിയത്. അങ്ങനെ പുതിയ ആളുകൾക്കൊപ്പം ജോലിചെയ്യാൻ തീരുമാനിച്ചുവെന്നും മാധവൻ കൂട്ടിച്ചേർത്തു.