ഗായിക ഇന്ദർ കൗറിന്റെ മരണം പഞ്ചാബി സംഗീത ലോകത്തെ നടുക്കിയിരിക്കുകയാണ്. കാണാതായി ആറുദിവസത്തിനുശേഷം ലുധിയാനയിലെ നീലോ കനാലിൽ നിന്നാണ് ഇന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. 29 വയസ്സുള്ള ഗായികയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് പ്രാദേശിക പോലീസ് കനാലിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്.

To advertise here,

മെയ് 13-ന് വൈകുന്നേരം 8:30-ഓടെ തന്റെ ഫോർഡ് ഫിഗോ കാറിൽ പലചരക്ക് സാധനങ്ങൾ വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഇന്ദർ കൗർ. എന്നാൽ ഏറെ വൈകിയും അവർ തിരിച്ചെത്താത്തതിനെത്തുടർന്ന് സഹോദരൻ ജോതീന്ദർ സിംഗ് പോലീസിൽ പരാതി നൽകി. കാമുകനും പ്രതിയെന്ന് സംശയിക്കുന്നയാളുമായ സുഖ്‌വീന്ദർ സിംഗ് ഇന്ദറിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയതായാണ് പോലീസ് സംശയിക്കുന്നത്.

മോഘയിലെ ഭലൂർ ഗ്രാമവാസിയായ സുഖ്‌വീന്ദർ സിംഗിന് ഇന്ദറിനോട് കടുത്ത വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് ഗായികയുടെ കുടുംബം ആരോപിക്കുന്നു. മൂന്ന് വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ പരിചയപ്പെട്ടത്. എന്നാൽ സുഖ്‌വീന്ദർ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും മനസിലാക്കിയ ഇന്ദർ കൗർ ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ചു. തന്നെ വിവാഹം കഴിക്കണമെന്ന് സുഖ്‌വീന്ദർ നിരന്തരം നിർബന്ധിച്ചിരുന്നെങ്കിലും ഇന്ദർ അത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

കൊലപാതകം നടത്തുന്നതിനായി സുഖ്‌വീന്ദർ സിംഗ് കാനഡയിൽ നിന്ന് നേപ്പാൾ വഴി പഞ്ചാബിലെത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. മെയ് 13-ന് തന്റെ കൂട്ടാളികളോടൊപ്പം ചേർന്ന് ഗായികയുടെ കാർ തടയുകയും അവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം നീലോ കനാലിൽ തള്ളുകയുമായിരുന്നു. കൊലപാതകത്തിന് തൊട്ടുപിന്നാലെ പ്രതി നേപ്പാൾ വഴി തന്നെ കാനഡയിലേക്ക് രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇന്ദറിന്റെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു. മെയ് 15-ന് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പോലീസ് കൃത്യസമയത്ത് നടപടി എടുത്തിരുന്നെങ്കിൽ ഇന്ദറിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് അവർ പറഞ്ഞു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി ജമാൽപൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.