നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയിൽ പി.ടി. തോമസിന്റെ ആത്മാവ് തൃപ്തനാകില്ലെന്ന് ഭാര്യയും എംഎൽഎയുമായ ഉമാ തോമസിന്റെ എഫ്ബി കുറിപ്പ്.

ഉമാ തോമസ് എംഎൽഎ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ \ മാതൃഭൂമി
കൊച്ചി: “ഡ്രൈവർ നിങ്ങളെ പറ്റിച്ചെന്ന് ഞാൻ നടിയോട് സൂചിപ്പിച്ചു. എനിക്കും സംശയം തോന്നുന്നെന്നും ആക്രമിക്കപ്പെട്ടപ്പോൾ അയാൾ വളരെപ്പതുക്കെയാണ് വണ്ടിയോടിച്ചതെന്നും അവർ പറഞ്ഞു. ധൈര്യമായിരിക്കണം, നിങ്ങളുടെ ധൈര്യമാകും ഈ കേസിന്റെ ഭാവി നിർണയിക്കുകയെന്നും ഞാൻ അവരോട് പറഞ്ഞു.” നടി ആക്രമിക്കപ്പെട്ട ദിവസം അവരെക്കണ്ട പി.ടി. തോമസ് എംഎൽഎ കുറിച്ചിട്ട വാക്കുകളാണിത്. ഇടപെടാതിരിക്കാനും മൊഴി കൊടുക്കാതിരിക്കാനും പല കോണുകളിൽനിന്നും സമ്മർദമുണ്ടായിട്ടും പി.ടി. വഴങ്ങിയില്ല.
"പതിനൊന്നു മണിയായപ്പോൾ പി.ടി.യ്ക്കൊരു ഫോൺ വന്നു. പോയി വന്നിട്ട് പറയാം എന്ന് പറഞ്ഞിറിങ്ങി.’’-വീട്ടിൽ പി.ടി. തോമസിന്റെ ചിത്രത്തിനുമുന്നിലിരുന്ന് ഭാര്യ ഉമാ തോമസ് എംഎൽഎ, 2017 ഫെബ്രുവരി 17-ന്റെ രാത്രിയെക്കുറിച്ച് പറഞ്ഞുതുടങ്ങി. ഏറെ വൈകി തിരികെയെത്തിയ പി.ടി. അസ്വസ്ഥനായിരുന്നു. ‘‘നമ്മുടെ മകൾക്കാണിത് സംഭവിച്ചതെങ്കിലോ. പി.ടി. ചോദിച്ചു. ” -ഉമാ തോമസ് പറഞ്ഞു.
സംഭവമറിഞ്ഞ് ലാലിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങിയ ആന്റോയുടെ കാറിൽ പി.ടി.യും കയറി. ലാലിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ പോലീസുണ്ടായിരുന്നു. അകത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി യുവനടിയും.
നടിയെ ആക്രമിച്ചവർ തന്നെയും മർദിച്ചതായി ഡ്രൈവർ മാർട്ടിൻ പറഞ്ഞു. എന്നാൽ, കുറെക്കഴിഞ്ഞ് നോക്കുമ്പോൾ മാർട്ടിൻ വളരെ കൂളായി നിൽക്കുന്നത് കണ്ടു. അപ്പോൾത്തന്നെ പോലീസുകാരോട് അയാളെ സംശയമുണ്ടെന്ന് പി.ടി. പറഞ്ഞു. അതായിരുന്നു വഴിത്തിരിവ്.
ചോദ്യംചെയ്യലിൽ സുനിയെ വിളിച്ചെന്ന് മാർട്ടിൻ സമ്മതിച്ചു. ആന്റോ ജോസഫും പോലീസും വിളിച്ചപ്പോൾ പലതവണ സുനി ഫോൺ കട്ട് ചെയ്തു. അതിനകം സുനിയുടെ ടവർ ലൊക്കേഷൻ ഗാന്ധിനഗർ ഭാഗത്താണെന്ന് കണ്ടെത്തിയിരുന്നു. "ദിവസങ്ങൾ കഴിഞ്ഞപ്പോൾ പി.ടി.യെ അപകടപ്പെടുത്താൻ ശ്രമമുണ്ടായി. കാറിന്റെ ടയറുകളുടെ നാലു ബോൾട്ടുകളും ലൂസാക്കി വെച്ചിരുന്നു. നാട്ടുകാരിലൊരാൾ കണ്ടതിനാൽ രക്ഷപ്പെട്ടു."
പി.ടി.യുടെ ആത്മാവ് തൃപ്തനാകില്ല
നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയിൽ പി.ടി. തോമസിന്റെ ആത്മാവ് തൃപ്തനാകില്ലെന്ന് ഭാര്യയും എംഎൽഎയുമായ ഉമാ തോമസിന്റെ എഫ്ബി കുറിപ്പ്. "തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽനിന്നാണ് പി.ടി. ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്കുമുന്നിൽ മൊഴികൊടുക്കാൻ പോയത്. അവൾക്ക് നീതിതേടി ഗാന്ധിപ്രതിമയ്ക്കുമുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി.ടി.യുടെ ആത്മാവ്, ഇന്നീ വിധിയിൽ തൃപ്തമാകുമോ? ഒരിക്കലുമില്ല. കോടതിനടപടികൾ തുടരുമ്പോൾ, എത്രയോതവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്നു തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രം" -ഉമാ തോമസ് എംഎൽഎ ഫെയ്സ്ബുക്കിൽ കുറിച്ചു.
Content Highlights: PT Thomas's Courage: Unraveling the Actress Attack Case's Turning Point
Published: 09 Dec 2025, 04:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented