സീരിയൽ കൊലപാതകങ്ങളെ ആസ്പദമാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സൈക്കോയിലെ സ്‌നീക് പീക്ക് തരംഗമാകുന്നു. തുറസ്സായ ഒരു സ്ഥലത്ത് ഒരു പെണ്‍കുട്ടിയുടെ മൃതശരീരം ഉപേക്ഷിക്കപ്പെട്ട വിധത്തില്‍ കാണുന്നു. പോലീസും നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിചേര്‍ന്നിട്ടുണ്ട്. മൃതശരീരം തിരിച്ചറിയുന്നതിനായി ഒരു സ്ത്രീ അവിടേക്ക് ഓടിയെത്തുന്നു. തന്റെ മകളെ തിരിച്ചറിയുന്നതിനായി കാലിലെ മറുകിനെക്കുറിച്ച് അവര്‍ പോലീസിനോട് സംസാരിക്കുന്നു. പെണ്‍കുട്ടിയെ അവര്‍ തിരിച്ചറിയുകയും ഭയത്തോടെ ഓടിപോകുകയും ചെയ്യുന്നു. ഇതാണ് സ്‌നീക് പീക്കില്‍ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത്. 

To advertise here,

ജനുവരി 24 ന് പുറത്തിറങ്ങുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ നോക്കി കാണുന്നത്. ചിത്രത്തിലെ ഒരു രംഗം പോലും സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടില്ല. എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും വയലന്റ്‌സുള്ള സിനിമ എന്ന ടാഗ് ലൈനോടു കൂടിയാണ് സൈക്കോ ഇറങ്ങുന്നത്. 

വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച തുപ്പറിവാളന് ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈക്കോ. ബൗദ്ധ പുരാവൃത്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളള അംഗുലിമാലന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആളുകളെക്കൊന്ന് അവരുടെ വിരലുകള്‍കൊണ്ട് മാലയുണ്ടാക്കി തന്റെ ഇഷ്ടദേവതയ്ക്കു ചാര്‍ത്തിക്കൊടുക്കാന്‍ നേര്‍ച്ചയെടുക്കുന്ന കഥാപാത്രമാണ് അംഗുലിമാലന്‍. 

നിത്യാ മേനോന്‍, അതിഥി റാവു ഹൈദാരി, ഉദയസിധി സ്റ്റാലിന്‍, റാം എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സംഗീതം-ഇളയരാജ, ഛായാഗ്രഹണം- തന്‍വീര്‍ മിര്‍.

Content Highlights: Psycho Sneak Peek Udhayanidhi Stalin Ilayaraja Mysskin |Aditi Rao, Nithya Menen Ram release