വിശാല്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന തുപ്പറിവാളന്‍ എന്ന സിനിമയില്‍ നിന്നും പിന്‍മാറിയതില്‍ വിശദീകണവുമായി സംവിധായകന്‍ മിഷ്‌കിന്‍. തന്റെ അമ്മയെ വിശാല്‍ അസഭ്യം പറഞ്ഞുവെന്നും അത് ചോദിക്കാന്‍ ചെന്ന സഹോദരനെ വിശാല്‍ മര്‍ദ്ദിച്ചുവെന്നും മിഷ്‌കിന്‍ ആരോപിക്കുന്നു. സിനിമയ്ക്ക് വേണ്ടി താന്‍ അനാവശ്യമായി പണം ചെലവാക്കുന്ന എന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ വിശാല്‍ ബാധ്യസ്ഥനാണെന്നും മിഷ്‌കിന്‍ പറഞ്ഞു.

To advertise here,

തുപ്പറിവാളന്‍ എന്റെ സോഹദരന് വേണ്ടി എഴുതിയ സിനിമയാണ്. എന്നാല്‍ ഞാന്‍ എന്റെ സഹോദരനേക്കാള്‍ ഏറെ സ്‌നേഹിച്ചിരുന്ന വിശാലിന് ആ സിനിമ നല്‍കി. 2018 ലാണ് തുപ്പറിവാളന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. മൂന്ന് സഹസംവിധായകരെ വച്ചാണ് സിനിമ ചിത്രീകരിച്ചത്. നാല് ദിവസം കൊണ്ട് തീര്‍ക്കേണ്ട ഷൂട്ട് ആറ് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കി. സിനിമ വന്‍ വിജയമായി. സിനിമകള്‍ എല്ലാം പരാജയപ്പെട്ട് നില്‍ക്കുന്ന വിശാലിന് അതൊരു വലിയ ആശ്വാസമായിരുന്നു. 

മൂന്ന് കോടിയായിരുന്നു ആദ്യ ഭാഗത്തിന് എനിക്ക് പ്രതിഫലമായി ലഭിച്ചത്. ഒന്നര വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം എഴുതാന്‍ ആരംഭിച്ചു. കൊഹിനൂര്‍ രത്‌നവുമായി ബന്ധപ്പെട്ട കഥയായിരുന്നു അത്. അത് നിര്‍മിക്കാന്‍ തയ്യാറായി ഒരു നിര്‍മാതാവ് രംഗത്ത് വന്നു. എനിക്ക് മുന്‍കൂറായി പണം നല്‍കുകയും ചെയ്തു.

അതിന് ശേഷമാണ് ഞാന്‍ വിശാലിനോട് കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ വിശാലിന്റെ കണ്ണു നിറഞ്ഞു. ''എനിക്ക് ഇത് വേണം, ഈ സിനിമ കിട്ടിയാല്‍ എല്ലാ കടവും തീരും'' എന്ന് വിശാല്‍ പറഞ്ഞു. സിനിമ നിര്‍മിക്കാമെന്ന് വിശാല്‍ പറഞ്ഞു. ഈ സിനിമയ്ക്ക് 20 കോടി രൂപ ചെലവാകുമെന്ന് ഞാന്‍ വിശാലിനോട് പറഞ്ഞു. സിനിമ ഓടിയില്ല എങ്കില്‍ കടം കൂടും. അത് കൊണ്ട് മറ്റൊരു നിര്‍മാതാവിനെ സമീപിക്കാമെന്ന്  ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എഴുതിയ കഥ തുപ്പറിവാളന്‍ 3 ആക്കാമെന്നും ചെന്നൈ പശ്ചാത്തലമാക്കി രണ്ടാം ഭാഗം ചെയ്യാന്‍ മറ്റൊരു കഥ എഴുതാമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ അത് പറ്റില്ലെന്നായിരുന്നു വിശാലിന്റെ വാദം. അങ്ങനെ സിനിമയ്ക്കായി വിദേശത്ത് ഞാന്‍ പോയി ലൊക്കേഷന്‍ തേടി നടന്നു. യു.കെയിലെ ഭാഗം എഴുതി തീര്‍ക്കാന്‍ എനിക്ക് ചെലവു വന്നത് ഏഴ് ലക്ഷമാണ്. എന്നാല്‍ വിശാല്‍ അത് 35 ലക്ഷമാക്കി കള്ളം പറയുന്നു. 

ബജറ്റുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസം കടുത്തതോടെ അയാള്‍ എന്റെ അമ്മയെ വരെ അസഭ്യം പറഞ്ഞു. എന്റെ അനുജനെ മര്‍ദ്ദിച്ചു. ഞാന്‍ എന്ത് തെറ്റാണ് അയാളോട് ചെയ്തത്. അയാള്‍ ഒരു നിര്‍മാതാവിന്റെ മകനാണ് ഞാന്‍ ഒരു ദരിദ്രനായ തയ്യല്‍ക്കാരന്റെ മകനും. ഒരു പേപ്പറും പേനയും കിട്ടിയാല്‍ എനിക്ക് കഥ എഴുതാനാകും. ഇല്ലെങ്കില്‍ സിനിമ പഠിപ്പിക്കാന്‍ എനിക്ക് പറ്റും. ഇനി സിനിമ ഇല്ലെങ്കില്‍ ഹോട്ടല്‍ ജോലി ചെയ്‌തോ തെരുവില്‍ പാട്ടുപാടിയോ ഞാന്‍ ജീവിക്കും. 32 ദിവസം ഷൂട്ട് ചെയ്ത സിനിമയാണ് ഞാന്‍ അയാള്‍ക്ക് കൈമാറിയത്. പത്ത് ദിവസം തുടര്‍ച്ചയായി എന്റെ ഓഫീസില്‍ വന്ന് കേണപേക്ഷിച്ചിട്ടാണ് ഞാന്‍ അത് അയാള്‍ക്ക് കൊടുത്തത്. വിശാല്‍ നീ എത്തരത്തിലുള്ള ആളാണെന്ന് സമൂഹം ഒരിക്കല്‍ മനസ്സിലാക്കും. കാര്യമില്ലാതെ എന്റെ കുടുംബത്തെ അപമാനിച്ചവനാണ് അയാള്‍. 

വിശാലിന്റെ ആരോപണം

'തുപ്പറിവാളന്‍ 2' വില്‍ നിന്ന് മിഷ്‌കിന്‍ പുറത്തുപോയ വിവാദത്തില്‍ വിശാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ്. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി. മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല. 

പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്- വിശാല്‍ പറയുന്നു.

സിനിമയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മിഷ്‌കിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ വിശാല്‍ നടത്തിയിരുന്നു. ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യണമെങ്കില്‍ അഞ്ചു കോടി രൂപ പ്രതിഫലം നല്‍കണമെന്ന് മിഷ്‌കിന്‍ ആവശ്യപ്പെട്ടു. കൂടാതെ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ പേരില്‍ എഴുതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വിശാല്‍ അത് അംഗീകരിച്ചില്ല. നിലവില്‍ സിനിമയുടെ സംവിധാനം വിശാല്‍ ഏറ്റെടുത്തിരിക്കുകയാണ്. സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വിശാല്‍ പറയുന്നു.

വിശാലിനെ തന്നെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രസന്ന, അനു ഇമ്മാനുവേല്‍, ആന്‍ഡ്രിയ ജെറമിയ, വിനയ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: Director  Mysskin against Vishal thupparivaalan 2 controversy