'തുപ്പറിവാളന്‍ 2' വില്‍ നിന്ന് സംവിധായകന്‍ മിഷ്‌കിന്‍ പുറത്തുപോയ വിവാദത്തില്‍ പ്രതികരണവുമായി വിശാല്‍. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് വിശാല്‍. ചിത്രം പാതിവഴിയിലാക്കി മിഷ്‌കിന്‍ പുറത്ത് പോയത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വിശാല്‍ പറയുന്നത്. ഇതെല്ലാം തുറന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താന്‍ വേണ്ടിയല്ലെന്നും മറിച്ച് ഇനി മേലില്‍ ആരും ഇതുപോലുള്ളവരുടെ ഇരയായി ത്തീരരുത് എന്ന് ആഗ്രഹിക്കുന്നത് കൊണ്ടാണെന്നും വിശാല്‍ പറയുന്നു.

To advertise here,

സിനിമ പൂര്‍ത്തിയാക്കാനുള്ള പണം നിര്‍മാതാവിന്റെ പക്കല്‍ ഇല്ലെന്നാണ് സിനിമ ഉപേക്ഷിച്ചതിന് ശേഷം മിഷ്‌കിന്‍ പറഞ്ഞത്. ഇത് വാസ്തവമല്ലെന്ന് വിശാല്‍ പറയുന്നു.

യുകെ, കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സിനിമയുടെ ചിത്രീകരണത്തിനായി ഏകദേശം 13 കോടിയാണ് ചെലവായത്. കൃത്യമായ ആസൂത്രണമില്ലാത്തതിനാല്‍ അവിടെ എത്തിയതിന് ശേഷം മിഷ്‌കിന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടക്കുകയായിരുന്നു. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ഷൂട്ടിങ്. ദിവസവും 15 ലക്ഷം വീതം അതിനായി മുടക്കി. മുഴുവന്‍ സമയം ചിത്രീകരിക്കണമെന്നും വിദേശത്തെ ഷൂട്ടിങ് വേഗം തീര്‍ക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം ഇത് അംഗീകരിച്ചില്ല. 

പറഞ്ഞ സമയത്തിന് ഷൂട്ടിങ് പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല വളരെ നിരുത്തരവാദിത്തത്തോടെ പെരുമാറി. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മിഷ്‌കിന്‍ പിന്നീട് ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാനായി പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. ഇത് എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ്- വിശാല്‍ പറയുന്നു.

സിനിമയില്‍ നിന്ന് പുറത്ത് പോയതിന് ശേഷം മിഷ്‌കിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ വിശാല്‍ നടത്തിയിരുന്നു. ബാക്കി ഭാഗങ്ങള്‍ സംവിധാനം ചെയ്യണമെങ്കില്‍ അഞ്ചു കോടി രൂപ പ്രതിഫലം നല്‍കണമെന്ന് മിഷ്‌കിന്‍ ആവശ്യപ്പെട്ടു. കൂടാതെ സിനിമയുടെ എല്ലാ അവകാശങ്ങളും തന്റെ പേരില്‍ എഴുതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വിശാല്‍ അത് അംഗീകരിച്ചില്ല. നിലവില്‍ സിനിമയുടെ സംവിധാനം വിശാല്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിശാലിനെ തന്നെ നായകനാക്കി മിഷ്‌കിന്‍ 2017ല്‍ സംവിധാനം ചെയ്ത തുപ്പറിവാളന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് തുപ്പറിവാളന്‍ 2. കനിയന്‍ പൂങ്കുണ്ട്രന്‍ എന്ന കുറ്റാന്വേഷകനെയാണ് വിശാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രസന്ന, അനു ഇമ്മാനുവേല്‍, ആന്‍ഡ്രിയ ജെറമിയ, വിനയ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

Content Highlights: Vishal against Mysskin, Myshkin opting out Thupparivaalan 2, Movie controversy, Tamil Cinema