കോഴിക്കോട്: ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള ഛായാഗ്രാഹകന്‍മാരില്‍ ഒരാളായിരുന്നു പി.എസ്. നിവാസ്. എന്നാല്‍ സിനിമയില്‍ നിന്ന് വിരമിച്ചതോടെ നിവാസ് തന്റെ ലോകത്തേക്ക് ചുരുങ്ങി. ജീവിതം അവസാനിച്ചത് അര്‍ബുദരോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ വെച്ചും.

അടിവാരത്തായിരുന്നു നിവാസിന്റെ താമസം. പുറംലോകവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തന്റെ കഥ അദ്ദേഹം ആരോടും പറഞ്ഞതുമില്ല. ദേശീയ പുരസ്‌കാര ജേതാവായ ഛായാഗ്രാഹകനാണ് നിവാസെന്ന് പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയറിലെ നഴ്‌സായ ലീന തിരിച്ചറിഞ്ഞത് ഈയിടെയാണ്. മരിക്കുന്ന സമയത്ത് കുടുംബമോ സുഹൃത്തുക്കളോ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നില്ല. മക്കള്‍ വിദേശത്തും ഭാര്യ ഹൈദരാബാദിലുമായിരുന്നു.

മലയാളം, തെലുങ്ക്, തമിഴ് എന്നീ ഭാഷകളില്‍ പ്രവര്‍ത്തിച്ച നവാസ് 1977-ല്‍ പുറത്തിറങ്ങിയ 'മോഹിനിയാട്ടം' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഭാരതിരാജ, ലിസ ബേബി തുടങ്ങിയവരുടെ ഒട്ടനവധി ചിത്രങ്ങളില്‍ അദ്ദേഹം ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.

ps nivas
പി.എസ്. നിവാസ്| Photo: Mathrubhumi 

കിഴക്കെ നടക്കാവ് പനയം പറമ്പിലായിരുന്നു നവാസിന്റെ ജനനം. ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍നിന്നും ഫിലിം ടെക്‌നോളജിയില്‍ ബിരുദം നേടി. 'സത്യത്തിന്റെ നിഴലില്‍' ആണ് ആദ്യ ചിത്രം. 

കുട്ട്യേടത്തി, മാപ്പുസാക്ഷി, ചെമ്പരത്തി, സ്വപ്നം എന്നീ ചിത്രങ്ങളില്‍ ഓപ്പറേറ്റിവ് ക്യാമറാമാനായി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്പര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

തമിഴില്‍ പതിനാറു വയതിനിലേ, കിഴക്കേ പോകും റെയില്‍, സികപ്പു റോജാക്കള്‍, ഇളമൈ ഊഞ്ചല്‍ ആടുകിറത്, നിറം മാറാത പൂക്കള്‍, തനിക്കാട്ട് രാജ, കൊക്കരക്കോ, സെലങ്കെ ഒലി, മൈ ഡിയര്‍ ലിസ, ചെമ്പകമേ ചെമ്പകമേ, പാസ് മാര്‍ക്ക്, കല്ലുക്കുള്‍ ഈറം, സെവന്തി എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. വയസു പിലിച്ചിന്തി, നിമജ്ജാനം, യേറ ഗുലാബി, സാഗര സംഗമം, സംഗീര്‍ത്തന, നാനി എന്നീ തെലുഗു ചിത്രങ്ങള്‍ക്കും സോല്‍വ സാവന്‍, റെഡ് റോസ്, ആജ് കാ ദാദ, ഭയാനക് മഹാല്‍ എന്നീ ഹിന്ദി ചിത്രങ്ങള്‍ക്കും ഛായാഗ്രഹണം നിര്‍വഹിച്ചു.

കല്ലുക്കുള്‍ ഈറം, നിഴല്‍ തേടും നെഞ്ചങ്ങള്‍, സെവന്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രാജ രാജാതാന്‍, സെവന്തി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു.

Content Highlights: PS Navas died of Blood cancer, kozhikode