കുഞ്ചാക്കോ ബോബൻ, ദീപാ നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ മലയാള ചലച്ചിത്രം പ്രിയം റിലീസ് ചെയ്തിട്ട് 26 വർഷം പൂർത്തിയാകുന്നു. ഈ വിവരം പങ്കുവെച്ചുകൊണ്ട് സിനിമയുടെ ഓർമച്ചിത്രങ്ങൾ കൂട്ടിയിണക്കി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ദീപാ നായർ.

To advertise here,

26 വർഷം പിന്നിട്ടിട്ടും പ്രേക്ഷകരിൽനിന്ന് തനിക്ക് കിട്ടുന്ന സ്‌നേഹവും സൗഹൃദവും ഒരു ഭാഗ്യമാണെന്നും അതിന് ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും നടി പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഈ അവസരത്തിൽ പ്രിയം കാലത്തേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അന്നത്തെ ചിത്രങ്ങളും അവർ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിലെ കട്ടുറുമ്പിന് കല്യാണം എന്ന് തുടങ്ങുന്ന പാട്ടാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കുഞ്ചാക്കോ ബോബൻ, ചിത്രത്തിൽ ബാലതാരങ്ങളായെത്തിയ മഞ്ജിമാ മോഹൻ, അരുൺകുമാർ എന്നിവരെയും ദീപാ നായർ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

“ഇന്നേക്ക് കൃത്യം 26 വർഷം മുൻപ് പ്രിയം എന്ന സിനിമ തിയേറ്ററുകളിലെത്തി. അതെന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എന്റെ ഏറ്റവും വിലപ്പെട്ട ഓർമകളിൽ ഒന്നായി എന്നും നിലനിൽക്കും. ഈ പഴയ ചിത്രങ്ങളിലേക്കും വീഡിയോകളിലേക്കും തിരിഞ്ഞുനോക്കുമ്പോൾ ഒരുപാട് വികാരങ്ങൾ മനസ്സിലേക്ക് ഓടിയെത്തുന്നു. ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നത് ഇന്നലെയെന്നപോലെയാണ് ഇപ്പോഴും തോന്നുന്നത്. ഈ സിനിമയോടൊപ്പം വളർന്ന, ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും എനിക്ക് ഇത്രയധികം സ്‌നേഹവും പിന്തുണയും നൽകുന്ന 90-കളിലെ ആളുകൾക്ക് നന്ദി. നിങ്ങളുടെ സ്‌നേഹമാണ് ഈ യാത്രയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനം," ദീപാനായർ വീഡിയോക്കൊപ്പം കുറിച്ചു.

ദീപയുടെ പോസ്റ്റ് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. നീ സുഖമായിരിക്കുന്നത് കാണുമ്പോൾ സന്തോഷം, നമുക്ക് ഉടനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, കുഞ്ചാക്കോ ബോബൻ സ്‌റ്റോറിയിൽ കുറിച്ചു.

അശ്വിൻ തമ്പി, ജഗതി ശ്രീകുമാർ, തിലകൻ, കനകലത, ഇന്ദ്രൻസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 2000 മാർച്ച് 31-നാണ് സനൽ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത്. കെ.കെ. നായരാണ് ചിത്രത്തിന്റെ നിർമാതാവ്. പ്രിയം എന്ന ചിത്രം നിർമിച്ചത് ദീപാനായരുടെ അച്ഛനാണ് എന്ന തരത്തിലുള്ള പ്രചാരണം തള്ളിക്കളഞ്ഞുകൊണ്ട് നടി അടുത്തിടെ രംഗത്തുവന്നിരുന്നു. കെ.കെ. നായരാണ് പ്രിയം എന്ന ചിത്രം നിർമിച്ചതെന്നും പ്രിയം എന്ന ചിത്രത്തിന്റെ നിർമാതാവിന്റെ കൊച്ചുമകൾ ഇക്കാര്യം തന്നോട് സൂചിപ്പിച്ച് സംസാരിച്ചപ്പോൾ ഏറെ സങ്കടം തോന്നിയെന്നുമാണ് നടി സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞത്.