ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തുനൽകിയിട്ടുണ്ട്.

തിരുവനന്തപുരം: 18-ാമത് കേരള ഡോക്യുമെന്ററി ചലച്ചിത്രോത്സവത്തിലേക്ക് (IDSFFK) തിരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന തീരുമാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. വിവിധ മന്ത്രാലയങ്ങളുടെ അനുമതി ആവശ്യമായതിനാലാണ് പ്രദർശനാനുമതി നൽകാതിരുന്നതെന്ന് അവർ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.
347 സിനിമയുടെ പ്രദർശനാനുമതിക്കാണ് അപേക്ഷകൾ ലഭിച്ചത്. ഇതിൽ 291 എണ്ണത്തിന് അനുമതി നൽകി. 20 ചിത്രങ്ങൾ വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നാലെണ്ണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം. ഒരെണ്ണത്തിന് പ്രതിരോധമന്ത്രാലയത്തിന്റെയും അനുമതി ആവശ്യമാണ്. ഒരു സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതിയും വേണം. ആറ് സിനിമകളുടെ സംഗ്രഹവും സ്ക്രീനറും കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങൾ, ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിലെ ഒൻപതു ചിത്രങ്ങൾ, ഫെസ്റ്റിവൽ വിന്നേഴ്സ് വിഭാഗത്തിലെ മൂന്നു ചിത്രങ്ങൾ, നേപ്പാൾ പാക്കേജിലെ ഒരു ചിത്രം എന്നിങ്ങനെ 31 ചിത്രങ്ങൾക്കാണ് പ്രദർശനാനുമതി കിട്ടാതെ പോയത്. 'ഗ്ലോബ്' എന്ന മലയാള ചിത്രവും ഇതിൽ ഉൾപ്പെടുന്നു.
പാർലമെന്റ് സ്ട്രീറ്റ്, സാനിറ്റൈസ്ഡ് റിപ്പബ്ലിക്ക്: കാസ്റ്റ് ആന്റ് കോൺട്രാക്റ്റ്സ്, ഗ്ലോബ്, മെമ്മറീസ് ഓഫ് എ വിൻഡോ, ബേഡ്‌സ് ഓഫ് വാർ, പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്, ഔവർ ലാൻഡ് തുടങ്ങിയ ചിത്രങ്ങൾക്കാണ് അനുമതി കിട്ടാതിരുന്നത്.
ചിത്രങ്ങൾക്ക് പ്രദർശനാനുമതി നൽകാതിരുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തുനൽകിയിട്ടുണ്ട്. ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട സിനിമകൾക്ക് ഉൾപ്പെടെ പ്രദർശനാനുമതി ലഭിക്കാത്തത് മേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: The Union Ministry of Information and Broadcasting issued a clarification regarding the non-clearance of 31 selected films at the 18th International Documentary and Short Film Festival of Kerala (IDSFFK), stating that inter-ministerial approvals and clearances are required, even as the Kerala State Chalachitra Academy requested a reconsideration.
Published: 21 Sept 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented