
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഈ മാസം 28-ന് പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവൽ വെള്ളിത്തിരയിലെത്തുന്നതുകാണാൻ അക്ഷമരായി കാത്തിരിക്കുന്നവർക്ക് മുന്നിലേക്കാണ് പ്രതീക്ഷകൾ വർധിപ്പിച്ചുകൊണ്ട് ട്രെയ്ലർ എത്തിയിരിക്കുന്നത്.
മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വർഷം ഏപ്രിൽ പത്തിന് ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ ആടുജീവിതം മാർച്ചിൽത്തന്നെ റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു. ഒരു എഴുത്തുകാരനെന്ന നിലയിൽ തന്റെ കഥ എത്തരത്തിലാകും ചിത്രീകരിച്ചിട്ടുണ്ടാവുകയെന്ന ആശങ്കയുണ്ടായിരുന്നെന്നും എന്നാൽ സിനിമ കണ്ടതിനുശേഷം പൂർണ്ണ സന്തോഷവാനാണെന്നും ആടുജീവിതത്തിന്റെ എഴുത്തുകാരൻ ബെന്യാമിൻ നേരത്തേ പറഞ്ഞിരുന്നു.
മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു. ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: prithviraj sukumaran and blessy movie aadujeevitham trailer released
Published: 09 Mar 2024, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented