റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിലെ കുതിപ്പിനൊടുവിൽ പ്രഭാസ് ചിത്രം 'ആദിപുരുഷ്' ബോക്സോഫീസിൽ കിതയ്ക്കുന്നു. നാലാം ദിവസത്തെ ചിത്രത്തിന്റെ കളക്ഷനിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിനം കൊണ്ട് 375 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. 

To advertise here,

‘ആദിപുരുഷ്’ ആദ്യത്തെ രണ്ട് ദിനങ്ങളിൽ തന്നെ 200 കോടി ക്ലബ്ബിൽ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാംദിനം ആഗോളതലത്തിൽ നേടിയത് 100 കോടി രൂപയാണ്. ആദ്യദിനം 140 കോടിയും. 

മൂന്നാം ദിനത്തിലും നാലാം ദിനത്തിലും കളക്ഷനിൽ കാര്യമായ ഇടിവുണ്ടായി. ഓരോ ദിവസവും ചിത്രത്തിന്റെ കളക്ഷൻ കുറഞ്ഞുവരികയാണ്. ചിത്രത്തിലെ ചില സംഭാഷണങ്ങൾ വിമർശനം നേരിട്ടതും നെ​ഗറ്റീവ് റിവ്യൂകളും വി.എഫ്.എക്സിന്റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് നി​ഗമനം. 

രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോൺ, സെയ്ഫ് അലിഖാൻ, സണ്ണി സിം​ഗ്, ദേവ്ദത്ത് നാ​ഗേ എന്നിവരാണ് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങൾ. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.