
പ്രഭാസിനെ നായകനായി ഓം റൗട്ട് സംവിധാനം ചെയ്ത 'ആദിപുരുഷ് ' എന്ന ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് പുറത്തായി. ആഗസ്റ്റില്‍ ചിത്രം ഒടിടിയില്‍ റിലീസിനെത്തുന്നതിനു മുന്‍പാണ് ഇങ്ങനെ സംഭവിച്ചത്.
പൈററ്റഡ് സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ സിനിമയുടെ രംഗങ്ങളും വ്യാപകമായി പ്രചരിക്കുന്നു. ചിത്രം എങ്ങനെ ചോര്‍ന്നെന്നുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇതെക്കുറിച്ച് അണിയറപ്രവര്‍ത്തകരും പ്രതികരിച്ചിട്ടില്ല. വലിയ തുകയ്ക്കാണ് ഒടിടി അവകാശം വിറ്റുപോയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എച്ച്ഡി പതിപ്പ് ചോര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ജൂണ്‍ 13 നാണ് ആദിപുരുഷ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത് പതിനഞ്ചോളം ദിവസം പിന്നിടുമ്പോള്‍ 450 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. 700 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നത്. ടി സീരീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
കടുത്ത വിമര്‍ശനങ്ങളാണ് ചിത്രം നേരിട്ടുകൊണ്ടിരിക്കുന്നത്. ഒട്ടേറെ സംഘടനകളാണ് ചിത്രത്തിനെതിരേ പരാതിയുമായി രംഗത്ത് വന്നത്. മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. സെന്‍സര്‍ബോര്‍ഡ് 'മഹാഭാരത'ത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്‌ള വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തി. മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ലെന്നും സിനിമയില്‍ മാറ്റംവരുത്താന്‍ സംവിധായകനും തിരക്കഥാകൃത്തും തയ്യാറാകണമെന്നും വാര്‍ത്താവിതരണമന്ത്രി അനുരാഗ് ശുക്‌ള പറഞ്ഞു.
'ആദിപുരുഷ്' സിനിമയുടെ സംഭാഷണങ്ങള്‍ക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും സെന്‍സര്‍ ബോര്‍ഡിനെയും കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. വിശ്വാസികളുടെ വികാരത്തെ സിനിമ വ്രണപ്പെടുത്തിയെന്നും സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സിനിമയുടെ തിരക്കഥാകൃത്തായ മനോജ് മുന്‍താഷിറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ അദ്ദേഹത്തോട് വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
'സിനിമയിലെ സംഭാഷണങ്ങളുടെ സ്വഭാവം തന്നെ പ്രശ്നമാണ്. രാമായണം മഹത്തരമായ ഒരു മാതൃകയായാണ് കരുതപ്പെടുന്നത്. ആളുകള്‍ വളരെ സഹിഷ്ണുതയുള്ളവരാണെന്ന് കരുതി, ഞങ്ങള്‍ ഇതിനെതിരേ കണ്ണടച്ചാല്‍ നിങ്ങള്‍ അവരെ ഇനിയും പരീക്ഷിക്കുകയില്ലേ?'- കോടതി ചോദിച്ചു.
'ആദിപുരുഷി'ന്റെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡ് അവരുടെ കടമ നിറവേറ്റിയോ എന്നും കോടതി ആരാഞ്ഞു. 'ഈ സിനിമ കണ്ടതിന് ശേഷം ആളുകള്‍ നിയമം കയ്യിലെടുത്തില്ല എന്നതില്‍ സന്തോഷമുണ്ട്. വിവാദപരമായ കാര്യങ്ങള്‍ ആദ്യം തന്നെ നീക്കം ചെയ്യണമായിരുന്നു. പല രംഗങ്ങളും പ്രായപൂര്‍ത്തിയാവര്‍ മാത്രം കാണേണ്ട എ സര്‍ട്ടിഫിക്കറ്റ് കാറ്റഗറിയില്‍ പെടുന്നതാണന്നു തോന്നുന്നു ഇത്തരം സിനിമകള്‍ കാണുന്നത് വളരെ ദുഷ്‌കരമാണ്.'
സിനിമ തുടങ്ങുന്നതിന് മുന്‍പ് കഥയെ സംബന്ധിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന വാദത്തില്‍ ഇടപെട്ടുകൊണ്ട് കോടതി പറഞ്ഞു: 'മുന്നറിയിപ്പ് നല്‍കിയ നിങ്ങള്‍ ഈ രാജ്യത്തെ പൗരന്മാരും യുവാക്കളും ബുദ്ധിയില്ലാത്തവരാണെന്നാണോ കരുതുന്നത്. ശ്രീരാമനെയും ലക്ഷ്മണനെയും ഹനുമാനെയും രാവണനെയും എല്ലാ കാണിച്ചിട്ട് ഇത് രാമായണമല്ലെന്ന് പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും?'.- കോടതി ചോദിച്ചു.
പ്രഭാസിനു പുറമേ കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൗഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlights: Adipurush film HD version leaked, saif ali khan, kriti sanon, om raut
Published: 03 Jul 2023, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented