നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത 'പാതിരാത്രി' വന്‍വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ക്രൈം ഡ്രാമ ത്രില്ലര്‍ കേരളത്തില്‍ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഇപ്പോഴിതാ ചിത്രം നേടുന്ന സൂപ്പര്‍ വിജയത്തില്‍ പ്രേക്ഷകരോട് നന്ദി പറയുകയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊന്നായ ഹരീഷിനെ അവതരിപ്പിച്ച സൗബിന്‍ ഷാഹിര്‍.

To advertise here,

ചിത്രം നേടുന്ന വിജയത്തിലും പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണത്തിലും ഏറെ സന്തോഷമുണ്ടെന്ന് സൗബിന്‍ പറഞ്ഞു. ചിത്രം കണ്ടതിന് ശേഷം ചിത്രത്തിലെ ഓരോരോ മുഹൂര്‍ത്തങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ടും ക്ലൈമാക്‌സിനെ കുറിച്ച് സംസാരിച്ചും ഒട്ടേറെ പ്രേക്ഷകരാണ് തന്നെ വിളിക്കുന്നതെന്നും അതെല്ലാം വലിയ സന്തോഷമാണ് നല്‍കുന്നതെന്നും സൗബിന്‍ വ്യക്തമാക്കി. ഇപ്പോള്‍ കേരളത്തിലെ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇനിയും കാണാത്തവര്‍ പോയി കാണണം എന്നും കണ്ടവര്‍ അഭിപ്രായങ്ങള്‍ മറ്റുള്ളവരോട് പറയണം എന്നും സൗബിന്‍ അഭ്യര്‍ഥിച്ചു.

മമ്മൂട്ടി നായകനായ 'പുഴു' എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഒരു പാതിരാത്രിയില്‍ നടക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ ചുറ്റിപറ്റി സഞ്ചരിക്കുന്ന ചിത്രം നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ജാന്‍സി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ഒരേ സമയം ത്രില്ലടിപ്പിക്കുകയും വൈകാരികമായി ആഴത്തില്‍ സ്പര്‍ശിക്കുകയൂം ചെയ്യുന്ന ചിത്രത്തില്‍, നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്നും, ആന്‍ അഗസ്റ്റിനും നിര്‍ണ്ണായക കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ഇവര്‍ ഓരോരുത്തരുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ടി സീരീസ് ആണ് വന്‍ തുകക്ക് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ആത്മീയ രാജന്‍, ശബരീഷ് വര്‍മ, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ഇന്ദ്രന്‍സ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ഫാഴ്‌സ് ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റര്‍: ശ്രീജിത്ത് സാരംഗ്, ആര്‍ട്ട്: ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍: ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍: സിബിന്‍ രാജ്, ആക്ഷന്‍: പി.സി. സ്റ്റണ്ട്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, പിആര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് സ്ട്രാറ്റെജി: ലാലാ റിലേഷന്‍സ്, പിആര്‍ഒ: ശബരി, വാഴൂര്‍ ജോസ്.