'ജനനായകന്' പിന്നാലെ മറ്റൊരു പൊങ്കൽ റിലീസായ സുധ കൊങ്കരയുടെ ശിവകാർത്തികേയൻ ചിത്രം 'പരാശക്തി'യും അനിശ്ചിതത്വത്തിൽ. ചിത്രത്തിന് സെൻസർ ബോർഡ് നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു. ഇതുകൂടാതെ പുതിയ 15 കട്ടുകൾ കൂടി ബോർഡ് നിർദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നാണ് സെൻസർ ബോർഡ് നിരീക്ഷണം.

To advertise here,

സെൻസർ ബോർഡിന്റെ നിർദേശം അസ്വീകാര്യമാണെന്നാണ് അണിയറപ്രവർത്തകരുടെ നിലപാട്. ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര റിവൈസിങ് കമ്മിറ്റിയെ സമീപിക്കും. നിർദേശിക്കപ്പെട്ട തിരുത്തലുകൾ ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തേയും അടിസ്ഥാന കഥയേയും ദുർബലപ്പെടുത്തുമെന്നാണ് സംവിധായികയുടെ വാദം.

1960-കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ശനിയാഴ്ചയാണ് ചിത്രം തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. ശിവകാർത്തികേയന് പുറമേ രവി മോഹനും അഥർവയും ശ്രീലീലയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം നിർമിക്കുന്നത് ഡോൺ പിക്‌ചേഴ്‌സ് ആണ്. ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണവകാശം റെഡ് ജയന്റ് മൂവീസിനാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കൊച്ചുമകനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനുമായ ഇമ്പൻ ഉദയനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി വിധി പറയാൻ മാറ്റിയതിനെത്തുടർന്ന് വിജയ് ചിത്രം 'ജനനായകൻ' റിലീസ് മാറ്റിയിരുന്നു. ചിത്രം പുറത്തിറങ്ങേണ്ടിയിരുന്ന വെള്ളിയാഴ്ച രാവിലെ വിധി പറയുമെന്നാണ് കോടതി അറിയിച്ചത്. മതവികാരം വ്രണപ്പെടുത്തി, സായുധസേനയെ വികലമായി ചിത്രീകരിച്ചു എന്നിങ്ങനെ പരാതി ലഭിച്ചതിനെത്തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിട്ടതെന്ന് സെൻസർ ബോർഡ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.