മുംബൈ: മുതിർന്ന ബോളിവുഡ് ചലച്ചിത്ര നിർമാതാവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) മുൻ ചെയർമാനുമായ പഹ്‌ലജ്‌ നിഹലാനി (76) അന്തരിച്ചു. മുംബൈയിലെ സ്വവസതിയിൽ രാവിലെ 9.30-നായിരുന്നു അന്ത്യം. ഇന്ന്(വ്യാഴാഴ്ച്ച) വൈകുന്നേരം 3 മണിക്ക് മുംബൈയിലെ സാന്താക്രൂസിലാണ് സംസ്കാര ചടങ്ങുകൾ.

To advertise here,

1980-കളുടെ തുടക്കത്തിലാണ് നിഹലാനി ചലച്ചിത്ര നിർമാണരംഗത്തേക്ക് കടന്നുവരുന്നത്. 1982-ൽ പുറത്തിറങ്ങിയ 'ഹാത്കാഡി' ആണ് അദ്ദേഹം നിർമിച്ച ആദ്യ ചിത്രം. പ്രമുഖ നടൻ ഗോവിന്ദയുടെ ആദ്യ ചിത്രമായ 'ഇൽസാം' (1986), ചുങ്കി പാണ്ഡെയെ ബോളിവുഡിന് പരിചയപ്പെടുത്തിയ 'ആഗ് ഹി ആഗ്' (1987) എന്നിവ നിർമിച്ചത് അദ്ദേഹമാണ്. ഗുനാഹോം കാ ഫൈസല, പാപ് കി ദുനിയ, മിട്ടി ഔർ സോനാ, ഷോല ഔർ ഷബ്നം, ആംഖേൻ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. ഇതിൽ 1990-കളിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ 'ആംഖേൻ' അദ്ദേഹത്തെ ബോളിവുഡിലെ മുൻനിര നിർമാതാവാക്കി മാറ്റി. 2012-ൽ ഗോവിന്ദയെ നായകനാക്കി 'അവതാർ' എന്ന ചിത്രം അദ്ദേഹം സംവിധാനവും ചെയ്തിരുന്നു.

2015 ജനുവരിയിലാണ് പഹ്‌ലജ്‌ നിഹലാനിയെ സിബിഎഫ്‌സി ചെയർമാനായി നിയമിച്ചത്. വിവാദങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. ജെയിംസ് ബോണ്ട് ചിത്രമായ 'സ്പെക്ടർ', ബോളിവുഡ് ചിത്രങ്ങളായ 'ഉഡ്താ പഞ്ചാബ്', 'ജബ് ഹാരി മെറ്റ് സേജൽ' തുടങ്ങിയവയിലെ ചില രംഗങ്ങൾക്കും വാക്കുകൾക്കും അദ്ദേഹം ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും സെൻസർഷിപ്പും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നീട് 2017 ഓഗസ്റ്റിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുകയും പ്രസൂൺ ജോഷിയെ നിയമിക്കുകയും ചെയ്തു. സിബിഎഫ്‌സിയിൽ നിന്നിറങ്ങിയ ശേഷം 'ജൂലി 2' എന്ന ചിത്രത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം വീണ്ടും സിനിമാരംഗത്ത് സജീവമായിരുന്നു.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയെ പിന്തുണച്ചുകൊണ്ട് 'ഹർ ഹർ മോദി, ഘർ ഘർ മോദി' എന്ന പ്രൊമോഷണൽ ഗാനവും അദ്ദേഹം നിർമിച്ചു. കൂടാതെ 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ആദരവായി 'മേരാ ദേശ് മഹാൻ' എന്ന മ്യൂസിക് വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഇതും വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.