വടകര: വടകര കീർത്തി-മുദ്ര തിയേറ്ററിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് മനഃപൂർവം തടസ്സപ്പെടുത്തുന്നതായ പരാതിയിൽ സൈബർസെൽ അന്വേഷണം തുടങ്ങി. ബുക്ക് മൈ ഷോ എന്ന സൈറ്റിൽ ഒരേസമയം കൂടുതൽ ടിക്കറ്റുകൾ സെലക്ട് ചെയ്ത് 10 മിനിറ്റോളം പണമടയ്ക്കാതെ പിടിച്ചുവെക്കുന്ന തന്ത്രമാണ് പ്രയോഗിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതുചെയ്ത കംപ്യൂട്ടറിന്റെ ഐ.പി. വിലാസം പോലീസ് കണ്ടെത്തിയിട്ടുണ്ട്. വടകരയിലെത്തന്നെ തിയേറ്റർ രംഗത്തുള്ളവരാണ് ഇതിനു പിന്നിലെന്നാണ് സൂചന. ഒരാളെ വിളിച്ചുവരുത്തി താക്കീത് നൽകിയിട്ടുണ്ട്.

To advertise here,

ജനുവരി 11 മുതലാണ് കീർത്തി-മുദ്ര തിയേറ്റർ ബുക്ക് മൈ ഷോയിൽ ഉൾപ്പെടുന്നത്. ആദ്യത്തെ ആഴ്ച നല്ലരീതിയിൽ മുന്നോട്ടുപോയെങ്കിലും പിന്നീടാണ് ഓൺലൈൻ ബുക്കിങ്ങിന് തടസ്സം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടത്. പലർക്കും ടിക്കറ്റ് ബുക്കുചെയ്യാനായില്ല. ഇത് ആസൂത്രിത നീക്കമാണെന്ന് വ്യക്തമായതോടെ തിയേറ്റർ ഉടമകൾ ബുക്ക് മൈ ഷോയിൽ ബന്ധപ്പെടുകയും പിന്നാലെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

സൈറ്റിൽ കയറി തിയേറ്റർ തിരഞ്ഞെടുത്തശേഷം ഒരാൾക്ക് 10 ടിക്കറ്റ് വരെ ബുക്കുചെയ്യാം. ഈ ടിക്കറ്റ് സെലക്ട് ചെയ്ത് പേയ്‌മെന്റ് ഓപ്ഷനിലേക്ക് പോകാതെ 10 മിനിറ്റു പിടിച്ചുവെക്കും. ഇതിനുശേഷം ബുക്കുചെയ്യാതെ ഒഴിവാക്കും. ഒരേസമയം ഒന്നിലേറെ വിൻഡോ തുറന്ന് ഈ രീതിയിൽ 100 ടിക്കറ്റുകൾവരെ പിടിച്ചുവെച്ചെന്നാണ് പരാതി. മറ്റാരെങ്കിലും ഈ സമയം ടിക്കറ്റ് ബുക്കുചെയ്യാൻ ശ്രമിച്ചാൽ കിട്ടില്ല. ടിക്കറ്റ് വിതരണ കൗണ്ടറിലും ഇത് തടസ്സങ്ങളുണ്ടാക്കി.

ഷോയുടെ അരമണിക്കൂർ മുമ്പായാണ്‌ ഓൺലൈൻ ബുക്കിങ് നിർത്തുക. ഇതിന്റെ ഒരുമിനിറ്റു മുമ്പ് ടിക്കറ്റ് തിരഞ്ഞെടുത്ത് 10 മിനിറ്റോളം പിടിച്ചുവെക്കുന്നതിനാൽ കൗണ്ടറിലെ വിതരണത്തെയും ബാധിച്ചതായും ഇത് വലിയ നഷ്ടമുണ്ടാക്കിയതായും ഉടമകൾ പരാതിയിൽ ചൂണ്ടിക്കാട്ടി.


Content Highlights : Online movie ticket booking, cheating, book my show