തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനായ 'ജനനായകൻ' അഡ്വാൻസ് ബുക്കിങ് കളക്ഷൻ 20 കോടി രൂപ പിന്നിട്ടു. മൂന്ന് ഭാഷകളിലായി ഇന്ത്യയിൽ ഇതുവരെ ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. റിലീസ് ചെയ്യാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് അഡ്വാൻസ് സെയിൽസിൽ ചിത്രം മികച്ച നേട്ടം കൈവരിക്കുന്നത്.

To advertise here,

ബോക്സ് ഓഫീസ് ട്രാക്കറായ 'സാക്‌നിൽക്കി'ന്റെ കണക്കുകൾ പ്രകാരം, ബ്ലോക്ക് ചെയ്ത സീറ്റുകൾ ഒഴിവാക്കിയാൽ 14 കോടി രൂപയിലധികം മൂല്യമുള്ള ടിക്കറ്റുകൾ ചിത്രം വിറ്റഴിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തമിഴ് പതിപ്പിന്റേതാണ്.

തമിഴ്നാട്ടിൽനിന്ന് അഡ്വാൻസ് ബുക്കിങ്ങിലൂടെ 7.90 കോടി രൂപ സമാഹരിച്ചു. കർണാടകയിൽനിന്ന് 6.03 കോടി രൂപയും കേരളത്തിൽനിന്ന് 1.91 കോടി രൂപയും ചിത്രം നേടി.

നഗരങ്ങളുടെ കണക്കെടുത്താൽ 5.99 കോടി രൂപയോടെ ബെംഗളൂരുവാണ് മുന്നിൽ. ചെന്നൈയിൽ നിന്ന് 1.86 കോടി രൂപയും കോയമ്പത്തൂരിൽ നിന്ന് 90 ലക്ഷം രൂപയും ചിത്രം വാരി. ഹൈദരാബാദ്, മധുര, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലും തിയേറ്ററുകളിൽ മികച്ച അഡ്വാൻസ് ബുക്കിങ്ങാണ് രേഖപ്പെടുത്തുന്നത്.

വിജയ്യുടെ തൊട്ടുമുമ്പത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളായ 'ലിയോ', 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്)എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ 'ജനനായകൻ' നിലവിൽ അൽപ്പം പിന്നിലാണ്. 'ഗോട്ട്' റിലീസിന് മുൻപ് 29.83 കോടി രൂപ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടി. ഒന്നാം ദിനം 126.32 കോടി രൂപയായിരുന്നു ആഗോളതലത്തിൽ 'ഗോട്ടി'ന്റെ കളക്ഷൻ. 'ലിയോ' 46.36 കോടി രൂപയുടെ പ്രീ-സെയിൽസോടെ ഒന്നാം ദിനം 148.5 കോടി രൂപയും ആഗോളതലത്തിൽ നേടി.

33 വർഷത്തെ സിനിമാ ജീവിതത്തിന് വിടപറഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നാണ് 'ജനനായകൻ' വിശേഷിപ്പിക്കപ്പെടുന്നത്. ഒട്ടേറെ പ്രതിസന്ധികൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നരേൻ, നാസർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മുൻപ് ജനുവരി ഒൻപതിന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം, സെൻസർ പ്രശ്നങ്ങളെത്തുടർന്ന് ഏഴ് മാസത്തിലേറെ വൈകുകയായിരുന്നു.