മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ ആദ്യവെബ് സീരീസ് 'ഫാര്‍മ'യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. മെഡിക്കല്‍ ഡ്രാമ ഗണത്തില്‍പ്പെടുന്ന പരമ്പര ഡിസംബര്‍ 19-ന് ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.

To advertise here,

നിവിന്‍ അവതരിപ്പിക്കുന്ന കെ.പി. വിനോദ് എന്ന ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ നടക്കുന്നത്. ട്രെയ്‌ലര്‍ നല്‍കുന്ന സൂചന പ്രകാരം നായകന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രമേയം. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് നേരിടുന്ന ജോലി സമ്മര്‍ദ്ദവും സീരീസ് പ്രതിപാദിക്കുന്നു.

നിവിനോടൊപ്പം ദേശീയ അവാര്‍ഡ് ജേതാവായ രജത് കപൂര്‍ ഉള്‍പ്പെടെയുള്ള താരനിരയും സീരീസിലുണ്ട്. മുന്‍പ് 'അഗ്നിസാക്ഷി' എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച അദ്ദേഹം ഏറെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും മലയാളത്തിലെത്തുന്നത്.

പി.ആര്‍. അരുണ്‍ എഴുതി സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള സീരീസ് 2024-ല്‍ ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐയില്‍ പ്രീമിയര്‍ ചെയ്തിരുന്നു. മൂവി മില്‍ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രുതി രാമചന്ദ്രന്‍, ബിനു പപ്പു, നരേന്‍, വീണ നന്ദകുമാര്‍, മുത്തുമണി, ആലേഖ് കപൂര്‍ എന്നിവരാണ് മറ്റുപ്രധാനകഥപത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: അഭിനന്ദന്‍ രാമാനുജം, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റിങ്: ശ്രീജിത് സാരംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നോബിള്‍ ജേക്കബ്, പിആര്‍ഒ: റോജിന്‍ കെ. റോയ്.