ലോകേഷ് കനകരാജ് നിർമിച്ച് ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബെൻസ്. രാഘവാ ലോറൻസ് നായകനാകുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലൻ വേഷത്തിൽ. വാൾട്ടർ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് നിവിൻ നൽകിയ മറുപടി ശ്രദ്ധേയയമാകുകയാണ്. കൂടാതെ ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിൽ ഒരു ചിത്രം ചെയ്യുന്നതിലെ പ്രതീക്ഷയും നിവിൻ പങ്കുവെച്ചു.

To advertise here,

ബേബി ഗേൾ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് തന്റെ പുതിയ തമിഴ് ചിത്രത്തെക്കുറിച്ച് നിവിൻ പോളി പറഞ്ഞത്. 'ബെൻസ് ഇനിയും ഒരു 35 ദിവസത്തെ ഷൂട്ട് ഉണ്ട്. ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് ബെൻസ് ചെയ്യും. ഒരു വില്ലൻ വേഷമാണ്. റോളക്സുമായി താരതമ്യപ്പെടുത്താൻ ഒന്നും കഴിയില്ല. ആ വേൾഡിൽ ഒരു കഥാപാത്രം ചെയ്യുന്നതിൽ ഉള്ള ആകാംക്ഷയിലാണ് ഞാനും. മൾട്ടിവേഴ്‌സ് മന്മഥൻ എന്ന സിനിമയുടെ ബജറ്റ് കുറച്ച് ഹൈ ആണ്. അതുകൊണ്ട് സിനിമ കുറച്ച് വൈകും. അതിന്റെ മറ്റു കാര്യങ്ങൾ നടക്കുന്നുണ്ട്,' നിവിൻ പോളി പറഞ്ഞു.

ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു ആയാണ് നിവിൻ പോളി ബേബി ഗേൾ എന്ന ചിത്രത്തിൽ എത്തുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നത് സുരേഷ് ഗോപി ചിത്രം ഗരുഡന്റെ സംവിധായകനായ അരുൺ വർമയാണ്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ജനിച്ച് നാലുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് ഒരു പ്രധാനകഥാപാത്രം. ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരാണ് മറ്റുമുഖ്യവേഷങ്ങളിൽ. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കുന്നത്.