അതീവ ഇടത്തരം സാഹചര്യത്തിൽ ജീവിക്കുക. അതിന്റേതായ കഷ്ടപ്പാടുകളിലൂടെ ജീവിക്കുക. സ്വയം അധ്വാനിച്ച പണമുണ്ടെങ്കിൽ മാത്രം മുന്നോട്ടു പോകാവുന്ന അവസ്ഥയുണ്ടാകുക. ഒരാൾ അയാളുടെ സ്വപ്നങ്ങൾക്കു വേണ്ടി ജീവിക്കാൻ തുടങ്ങുമ്പോൾ ഇതെല്ലാം നല്ല ഒന്നാന്തരം വളമാണ്. വിജയമുണ്ടായിത്തുടങ്ങുമ്പോൾ അതാണു വഴിയെന്നു കരുതി പോകുക എന്നതും സ്വാഭാവികമാണ്. പ്രത്യേകിച്ചും സുഹൃത്തുക്കളുടെ വലയം വലുതാകുമ്പോൾ. വഴിമാറിയെന്നു തിരിച്ചറിയുന്ന നിമിഷം സ്വയം മാറിനിന്നു കിതപ്പു മാറ്റുകയും തിരിച്ചു നടന്നു ശരിയായ വഴി കണ്ടെത്തുകയും ചെയ്യുക എന്നതു സ്വാഭാവികമല്ല. അതൊരു നല്ല ലക്ഷണമാണ്. പുതിയ തലമുറയിൽനിന്നു അപൂർവമായി മാത്രം പ്രതീക്ഷിക്കാവുന്നതാണിത്. നിവിൻ പോളി ഇപ്പോൾ ചെയ്യുന്നത് അതാണെന്നു തോന്നുന്നു.

To advertise here,

സർവംമായ കണ്ടിറങ്ങുമ്പോൾ മനസ്സിൽ ബാക്കിയാകുന്നതു സ്നേഹപൂർണമായൊരു മലയാളി മുഖമാണ്. മലയാള സിനിമയിൽ കുറെക്കാലമായി മങ്ങിപ്പോയതും അതാണ്. പ്രിയദർശൻ കോപ്പിയടിക്കാരനാണെന്നും സത്യൻ അന്തിക്കാട് സ്ഥിരം റൂട്ടിലൂടെ ബസ് ഓടിക്കുന്ന ഡ്രൈവറാണെന്നുമെല്ലാം പറയുന്നവരുടെ കാലമുണ്ടായിരുന്നു. ശ്രീനിവാസന്റെ തിരക്കഥ കത്തിക്കണണെന്നു പറഞ്ഞതും ഇതേ കലുങ്കു സംഗമ സംഘത്തിൽ പെട്ടവരാണ്. തീപ്പെട്ടി കിട്ടാത്തതുകൊണ്ടാം ഇതുവരെ കത്തിച്ചു തീർന്നതായി കേട്ടിട്ടില്ല. കത്തിക്കാൻ പോയവർ തിരിച്ചുവന്നതായും കേട്ടിട്ടില്ല.

മലയാള സിനിമ കണ്ട ശേഷം ഒരു കൊറിയൻ സിനിമ കണ്ട ഫീലാണെന്നു പറയുന്നവരുടെ കൂട്ടമുണ്ട്. ശ്രീനിവാസന്റെ പോലെ ഒരു ഡയലോഗെങ്കിലും എഴുതാൻ ശക്തിതരണേ പടച്ചോനെ എന്നു പ്രാർഥിച്ചു കിടക്കുന്നവരാണു കൊറിയൻ സിനിമപോലെ പടമെടുക്കാൻ നോക്കുന്നത്. മലയാള സിനിമ കൊറിയൻ സിനിമപോലുണ്ടെന്നു പറയുന്നവരോടു ചോദിക്കേണ്ടത് എന്നാൽപ്പിന്നെ കൊറിയൻ സിനിമ കണ്ടാൽ പോരെ എന്നാണ്. മലയാള സിനിമയ്ക്കൊരു മലയാളിത്തമുണ്ട്. അതിന് ഒറ്റപ്പാലം വേണമെന്നില്ല. ഐ.വി.ശശിയുടെ ആക്ഷൻ ചിത്രത്തിൽപോലും മലയാളിത്തമുണ്ടായിരുന്നു. കുതിരവട്ടം പപ്പു “ പാവാട വേണം........... എന്നു പാടുമ്പോൾ മലയാളി കാണുന്നതു സ്വന്തം അങ്ങാടിയിൽ കണ്ട പാട്ടുകാരനെയാണ്.

സർവം മായ എന്ന സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിലുള്ളത് മലയാളിത്തമാണ്. അതു പാടവും അമ്പലവും കാണിച്ചതുകൊണ്ടുണ്ടായതല്ല. ബുദ്ധിജീവിയല്ലാത്ത സാധാരണ മലയാളിക്കു മനസ്സിലാകുന്ന കഥയും തിരക്കഥയുമുള്ളതുകൊണ്ടാണ്. അവരുകൂടി അതിന്റെ ഭാഗമായി എന്നു തോന്നുന്നതുകൊണ്ടാണ്. നമുക്കിടയിൽ എവിടെയോ കണ്ട മുഖം നിവിൻപോളിയെന്ന കഥാപാത്രത്തിനുള്ളതുകൊണ്ടാണ്.

നിവിനു കുറേക്കാലമായി ഹിറ്റില്ല എന്നതു സത്യമാണ്. അത് ആദ്യം തിരിച്ചറിഞ്ഞതു നിവിൻതന്നെയാണ്. തടി കൂടുതലാണെന്ന ബോഡി ഷെയിമിങ്ങിന്റെ കാരണം തിരിച്ചറിഞ്ഞതും നിവിൻതന്നെയാണ്. കരിയർ തുടങ്ങിയ ശേഷം സിനിമ ചെയ്യാതെ മാറിനിന്ന ആദ്യ വർഷമാണിത്. അവസാനം സർവം മായ ചെയ്യാൻ തീരുമാനിച്ചു. കാസിനൊയിൽ കളിക്കാൻ പോയതുപോലെ തോൽക്കുമ്പോൾ എല്ലാം പണയംവച്ചു വീണ്ടും വീണ്ടും കളിക്കുക എന്നതാണു സിനിമയിലെ സ്ഥിരം രീതി. നിവിൻ അതിനുപോകാതെ മാറിനിന്നു മനസ്സും ശരീരവും ശുദ്ധമാക്കി തിരിച്ചുവന്നു. ഒരു സ്വയം സുഖ ചികിത്സ എന്നു പറയാം.

നിവിൻ വരേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെ ആവശ്യമായിരുന്നു. ദുൽഖറിനു നല്ല തിരക്കാണ്. തെലുങ്കു സിനിമയുടെ ചരിത്രത്തിൽ പുറത്തുനിന്നു വന്നൊരു നടൻ അവിടെ താരമായി ഉയരുന്നതു അപൂർവമാണ്. അവിടെയുള്ളത് കോടികളുടെ അവസരങ്ങളാണ്. അതുകൊണ്ടുതന്നെ ദുൽഖറിനു നല്ല തിരക്കാണ്. ഫഹദ് ഫാസിലിനായി തെലുങ്കിലും തമിഴിലുമായി വലിയ സംവിധായകരും കാത്തുനിൽപ്പാണ്. ഈ രണ്ടുപേർക്കും ശേഷമെത്തിയ ഷെയ്ൻ നിഗത്തിനും നസ്ലിനും സംഗീതിനുമെല്ലാം അവരുടെതായ തിരക്കുള്ള യങ് ലോകമുണ്ട്. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും പതിവു തിരക്കുകൾ തുടരുന്നു. അതുകൊണ്ടുതന്നെ നിവിൻ പോളിക്കൊരു സീറ്റ് മലയാളിയുടെ മനസ്സിലുണ്ട്. തട്ടത്തിൻ മറയത്തിലും പ്രേമത്തിലും ആക്ഷൻ ഹീറോ ബിജുവിലും ബാംഗ്ലൂർ ഡെയ്സിനുമെല്ലാം ഇട്ടു കൊടുത്ത കസേരയാണിത്. അതെല്ലാം സിനിമയുടെ വിജയം മാത്രമായിരുന്നില്ല, നടന്റെ വിജയംകൂടിയായിരുന്നു. ആ കസേരയിലേക്കാണു നിവിൻ തിരിച്ചെത്തിയത്. ഇതു മലയാളിയുടെ മനസ്സിലേക്കുള്ള തിരിച്ചു വരവാണ്.

സ്നേഹപൂർണമായ അഭിനയമെന്നു പറയാവുന്ന വേഷമാണിത്. പ്രത്യേകിച്ചും നിവിന് തികച്ചും അപരിചിതമായ ഒരു വേഷം. അതു നന്നാക്കുക എന്നത് നല്ല നടന്റെ മിടുക്കുതന്നെയാണ്. മോഹൻലാലും മമ്മൂട്ടിയും നടന്ന വഴിയാണിത്.

അതിനുമുപരി ഒരു ടീമുണ്ടാകുക എന്നതു വലിയ കാര്യമാണ്. അഖിൽ സത്യനുണ്ടാക്കിയത് ആ ടീമാണ്. നിവിനും അജുവർഗീസുമെല്ലാമടങ്ങിയ ടീം. പ്രിയനും സത്യനും സിബി മലയിലുമെല്ലാം ഇത്തരം നല്ല ടീമിലൂടെയാണു വിജയമുണ്ടാക്കിയത്. മോഹൻലാൽ പറയാറുണ്ട്, നല്ല സുഹൃത്തുക്കളെ കണ്ടെത്തുക എന്നതിലും വലിയ ഭാഗ്യമില്ലെന്ന്. സർവം മായ എന്ന സിനിമ അത്തരമൊരു ഭാഗ്യമാണ്. അഖിലെന്ന ചെറുപ്പക്കാരൻ നല്ല സിനിമ എഴുതുകയും എടുക്കുകയും ചെയ്യുക മാത്രമല്ല ചെയ്തത്. നല്ല ടീമിനെ കണ്ടെത്തുക കൂടി ചെയ്തു. ജനിച്ചപ്പൊ കിട്ടാത്തത് പുകയ്ക്കുമ്പൊ കിട്ടില്ലെന്നു ശ്രീനിവാസൻ പറഞ്ഞ വാചകം ഇവിടെ കറക്റ്റ് ഫിറ്റാണ്. ഇതു സത്യനും പ്രിയനും ലോഹിതദാസും സിബിയുമെല്ലാം ബസ് ഓടിച്ച വഴിതന്നെയാണ്. മെട്രൊകൾ പലതും ഓടിയെങ്കിലും മലയാളിക്ക് ഇപ്പോഴും ഒരേ റൂട്ടിലോടുന്ന ബസ് ഇഷ്ടമാണെന്നു സർവം മായ കാണിച്ചു കൊടുക്കുന്നു. ശ്രീനിവാസന്റെ തിരക്കഥ കത്തിക്കാൻ പോയവർക്കും വേണമെങ്കിൽ കൈ കാട്ടി കയറാം.