നടൻ സംഗീത് പ്രതാപിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ അരുൺ വർമ. താൻ സംവിധാനം ചെയ്ത ബേബി ഗേൾ എന്ന ചിത്രത്തിലെ ഒരു അണിയറദൃശ്യവും അദ്ദേഹം പങ്കുവെച്ചു. സംഗീതിലെ സാഹസികനായ നടനെയും കലയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത അർപ്പണബോധത്തെയും പ്രകീർത്തിക്കുന്നതാണ് കുറിപ്പ്. ബേബി ഗേൾ എന്ന ചിത്രത്തിലേക്ക് സംഗീത് പ്രതാപിനെ തിരഞ്ഞെടുത്തത് കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നുവെന്ന് അരുൺ വർമ പറഞ്ഞു.

To advertise here,

ഡ്യൂപ്പിന്റെ സഹായമില്ലാതെ ഉയരത്തിൽനിന്ന് ചാടുന്ന സംഗീതിന്റെ ലൊക്കേഷൻ വീഡിയോ ആണ് കുറിപ്പിനൊപ്പം അരുൺ വർമ പോസ്റ്റ് ചെയ്തിരിക്കുന്നത്. നമ്മളാരും കാണാത്ത സാഹസികൻ എന്നാണ് കുറിപ്പിൽ സംഗീതിനെ സംവിധായകൻ വിശേഷിപ്പിച്ചിരിക്കുന്നത്. എഡിറ്റിങ് മേഖലയിൽ നിന്ന് അഭിനയത്തിലേക്ക് എത്തിയ സംഗീത്, ഓരോ ഫ്രെയിമിലും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും അരുൺ വർമ കൂട്ടിച്ചേർത്തു. സംഗീത് പ്രതാപും ലിജോ മോളും ഒരുമിച്ചുള്ള ഒരു കാൻഡിഡ് ചിത്രവും അരുൺ വർമ ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

“നമ്മളാരും കാണാത്ത ആ സാഹസികനെ നിന്റെ ജന്മദിനത്തിൽ ഇതാ അവതരിപ്പിക്കുന്നു. ഡ്യൂപ്പുകളുടെ സഹായമില്ലാതെ, യഥാർഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ. സംഗീത് പ്രതാപ്, നീ അഭിനയലോകത്തെ ഒരു വിസ്മയമാണ്. ‘ബേബി ഗേൾ’ എന്ന സിനിമയിലേക്ക് നിന്നെ കാസ്റ്റ് ചെയ്തത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു. ഓരോ ഫ്രെയിമിലും കലയോടുള്ള നിന്റെ ആ അർപ്പണബോധം തെളിഞ്ഞുനിൽക്കുന്നു. ഷൂട്ടിങിനിടയിൽ അവിശ്വസനീയമായ പ്രകടനങ്ങൾ കൊണ്ട് നീ എന്നെ അമ്പരപ്പിക്കാത്ത ദിവസങ്ങളില്ല.

ഈ പോസ്റ്റിലെ രണ്ടാമത്തെ ചിത്രം തുടക്കകാലത്തെ ഒരു ഓർമയാണ്. രണ്ട് അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് മാറുന്നത് ഞാൻ കൗതുകത്തോടെ നോക്കിനിന്ന നിമിഷം. നീ ഋഷിയായും ലിജോ മോൾ റിതുവായും പരകായപ്രവേശം നടത്തി. ഷോട്ടിനിടയിൽ ഞാൻ സാക്ഷ്യം വഹിച്ച ആ മാറ്റം കണ്ടപ്പോൾ തോന്നിയ സന്തോഷം അടക്കാനായില്ല; മനോഹരമായ മറ്റൊരു നിമിഷത്തിൽ പങ്കുവെക്കാൻ വേണ്ടി അന്ന് പകർത്തിയ ഒരു കാൻഡിഡ് ചിത്രമാണിത്. ജന്മദിനാശംസകൾ പ്രിയപ്പെട്ട സംഗീത്. നമുക്ക് വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’’–അരുൺ വർമയുടെ വാക്കുകൾ.