വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കവേ അദ്ദേഹം നടി നിധി അഗർവാളിന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയിരുന്നു. ഈ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്.

താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ന്യായീകരിച്ച് വീണ്ടും വിവാദത്തിൽ അകപ്പെട്ട് നടൻ ശിവാജി. ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ വേണ്ട, സാരി പോലുള്ളവ ധരിക്കൂ എന്ന് പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ പറഞ്ഞതിനാണ് അദ്ദേഹം ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്. ശക്തമായ വിമർശനം ഉയർന്നതിനെത്തുടർന്ന് അദ്ദേഹ മാപ്പുപറഞ്ഞിരുന്നു. പിന്നീട് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കവേ അദ്ദേഹം നടി നിധി അഗർവാളിന് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടിയിരുന്നു. ഈ അഭിമുഖത്തിനിടെ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. നടി നിധി അഗർവാൾതന്നെ ഇതിനെതിരെ രംഗത്തെത്തി.
താൻ അങ്ങനെ പറഞ്ഞത് നിധി അഗർവാൾ ഒരാഴ്ച മുൻപ് ഒരു മാളിൽ പോയതുകൊണ്ടാണെന്ന് ശിവാജി പറഞ്ഞു. അവിടെ ഒരു കൂട്ടം ആളുകൾ അവരെ വലിച്ചിഴക്കാൻ ശ്രമിച്ചു. അവർ ഒരു ചെറിയ വസ്ത്രമാണ് ധരിച്ചിരുന്നത്. എന്നാൽ, ആൾക്കൂട്ടത്തിന് നടുവിൽപെട്ട അവരുടെ മുഖം കണ്ടപ്പോൾ അവർ വളരെ നാണംകെട്ടതായി തനിക്ക് തോന്നി. ഈ വിഷയം സംസാരിക്കുന്നതിനിടെ രണ്ട് മോശം വാക്കുകൾ ഉപയോഗിച്ചു. അതിൽ ക്ഷമ ചോദിച്ചു. പറഞ്ഞതെന്തായാലും, പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നു. വനിതാ കമ്മീഷനിൽ ക്ഷമാപണ കത്ത് സമർപ്പിക്കുമെന്നും ശിവാജി പറഞ്ഞു.
ആരെയും അധിക്ഷേപിക്കാനോ താഴ്ത്തിക്കെട്ടാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും ശിവാജി പറഞ്ഞു. "ദണ്ടോര പ്രീ-റിലീസ് ഇവൻ്റിൽ ഞാൻ പറഞ്ഞത് മോശം വസ്ത്രങ്ങൾ ധരിക്കരുത്, നല്ല വസ്ത്രങ്ങൾ ധരിക്കുക എന്നാണ്. നിങ്ങൾ പൊതുവായി പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നല്ല വസ്ത്രം ധരിക്കുക. അതേസമയം, ഞാൻ രണ്ട് മോശം വാക്കുകൾ ഉപയോഗിച്ചു, അതിന് ഞാൻ ക്ഷമാപണം നടത്തി. പക്ഷെ ഞാൻ പറഞ്ഞത് എന്തായാലും, എൻ്റെ പ്രസ്താവനയിൽ ഞാൻ ഉറച്ചുനിന്നു. ബാധിക്കപ്പെട്ട എല്ലാ സ്ത്രീകളോടും ഞാൻ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.
തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ, പുരുഷന്മാരുടെ പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സ്ത്രീകളുടെ വസ്ത്രധാരണത്തിൽ എന്തുകൊണ്ട് ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് ചോദിച്ചപ്പോൾ ശിവജി തൻ്റെ നിലപാട് ആവർത്തിച്ചു. തൻ്റെ വാക്കുകൾ നിധി അഗർവാളിനെയോ സാമന്ത റൂത്ത് പ്രഭുവിനെയോ സംഭവങ്ങളിൽ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
"സാമന്തക്കുണ്ടായിരുന്ന സന്ദർഭാനുകൂല്യം എന്താണെന്നുവെച്ചാൽ അവർ ഭാഗ്യവശാൽ സാരിയിലായിരുന്നു. കലാകാരന്മാരെ തൊടണം എന്നുമാത്രമേ ജെൻസി തലമുറയിൽപ്പെട്ടവർക്കുള്ളൂ. കൂടുതലൊന്നും അവർ ചിന്തിക്കുന്നില്ല. ഞാൻ സാമന്തയെയോ നിധിയെയോ ഇതിന് കുറ്റപ്പെടുത്തുന്നില്ല. ഞാൻ പറയുന്നത് അവർ ശ്രദ്ധിക്കണം എന്നാണ്. നിധിയുടെ വസ്ത്രങ്ങൾ അറിയാതെ മാറിയിരുന്നെങ്കിലോ? നമ്മൾ ആവശ്യപ്പെട്ടാൽ പോലും ആരും ആ വീഡിയോ നീക്കം ചെയ്യില്ല." ഡിസംബർ 21-ന് ഒരു സ്റ്റോർ ഉദ്ഘാടന ചടങ്ങിൽ സാരി ധരിച്ചിട്ടും സാമന്തയെ ആളുകൾ കൂട്ടമായി ആക്രമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ശിവാജി പറഞ്ഞതിങ്ങനെ.
ശിവാജിയുടെ പുതിയ പരാമർശങ്ങൾക്കെതിരെ നിധി അഗർവാൾ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതിജീവിച്ചവരെ കുറ്റപ്പെടുത്തുന്നത് കൃത്രിമംകാണിക്കലാണെന്ന് അവർ പറഞ്ഞു.
അതേസമയം, ദണ്ടോര പ്രീ-റിലീസ് ഇവൻ്റിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ തെലങ്കാന സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. അന്വേഷണത്തിനായി കമ്മീഷൻ നടനെ വിളിപ്പിച്ചിട്ടുണ്ട്.
Content Highlights: Nidhhi Agerwal strongly refutes actor Sivaji`s controversial comments linking her outfit to mob behavior, sparking a debate on victim-blaming and women`s safety.
Published: 25 Dec 2025, 08:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented