വാടക ഗര്‍ഭധാരണത്തിലൂടെ നയന്‍താര - വിഘ്‌നേഷ് ശിവന്‍ ദമ്പതികള്‍ക്കു കുഞ്ഞുങ്ങള്‍ പിറന്നതു സംബന്ധിച്ചു തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്നാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നു ചട്ടമുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെന്നും അതിനാല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.

To advertise here,

21 മുതല്‍ 35 വരെ പ്രായമുള്ള വിവാഹിതകള്‍ക്ക് മാത്രമേ അണ്ഡം ദാനം ചെയ്യാന്‍ സാധിക്കൂ. ഭര്‍ത്താവിന്റെയോ മാതാപിതാക്കളുടെയോ സമ്മതം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് നയന്‍താര നിയമം ലംഘിച്ചുവോ എന്ന് പരിശോധിക്കുമെന്നും എം. സുബ്രഹ്മണ്യം പറഞ്ഞു. ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നയന്‍താരയും വിഘ്നേഷ് ശിവനും പങ്കുവച്ചത്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. 

'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുകയാണ്.  ഞങ്ങളുടെ എല്ലാ പ്രാര്‍ഥനയും, ഞങ്ങളുടെ പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു'. വിഘ്നേഷ് കുറിച്ചു.

ജൂണ്‍ 9-നായിരുന്നു നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.