സിനിമകളുടെ പ്രൊമോഷണൽ ചടങ്ങുകളിൽനിന്ന് വിട്ടുനിൽക്കുന്നത് താത്പര്യമില്ലാത്തതുകൊണ്ടല്ലെന്നും ഇത്തരം വേദികളിൽ സംസാരിക്കാൻ വലിയ പ്രാവീണ്യമില്ലെന്ന് സ്വയം കരുതുന്നതിനാലാണെന്നും നടി നയൻതാര. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അവർ. യഷ് തന്നെ ഫോണിൽ വിളിച്ച് ക്ഷണിച്ചതുമാത്രം മതിയായിരുന്നു തനിക്ക് ഈ പരിപാടിയിലേക്ക് വരാനെന്നും നയൻതാര പറഞ്ഞു. തന്റെ സഹതാരങ്ങളായ രുക്മിണി വസന്ത്, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി തുടങ്ങിയവരോടുള്ള സ്നേഹവും താരം പങ്കുവെച്ചു.

To advertise here,

രുക്മിണിയുടെ സിനിമാ യാത്രയെ താൻ ഏറെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും കിയാരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി 'ടോക്സിക്' മാറുമെന്നും നയൻതാര പ്രത്യാശ പ്രകടിപ്പിച്ചു. സെറ്റിൽ താര സുതാരിയ ഡിസ്നി രാജകുമാരിയെപ്പോലെയാണ് തോന്നിയത്. സെറ്റിൽ വെച്ച് ഹുമയുമായി നല്ല സൗഹൃദത്തിലായി. ഒരുപാട് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നുള്ളതുകൊണ്ട് ഒരുപാട് സംസാരിച്ചുവെന്നും നയൻതാര പറഞ്ഞു. സംവിധായിക ഗീതു മോഹൻദാസും താനും തമ്മിലുള്ള 20 വർഷത്തോളം നീണ്ട മനോഹരമായ സിനിമാ സൗഹൃദത്തെക്കുറിച്ചും നയൻതാര വാചാലയായി. മലയാളത്തിൽ രാപ്പകൽ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

"ഗീതു, നിങ്ങളെക്കുറിച്ച് ഞാൻ എന്തുപറയാൻ? ഞങ്ങൾക്ക് വളരെ നീണ്ടതും മനോഹരവുമായ ഒരു യാത്രയുണ്ടായിരുന്നു. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവൾ ഈ ചിത്രത്തിനായി ആദ്യം വിളിച്ചപ്പോൾ എനിക്ക് വലിയ ഉറപ്പില്ലായിരുന്നു, കാരണം ഇതിൽ ഒരുപാട് അഭിനേതാക്കളുണ്ട്. ഒന്നിലധികം താരങ്ങൾ ഒരേ പ്രാധാന്യത്തിലെത്തുന്ന ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എനിക്ക് സാധാരണയായി ചെറിയ മടിയുണ്ട്. അതിനാൽ അവൾ വിളിച്ചപ്പോൾ ഞാൻ ആദ്യം 'ഇല്ല' എന്ന് പറഞ്ഞു. എന്നാൽ അവൾ എന്നോട് ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. അങ്ങനെ കഥ കേൾക്കാൻ ഞാൻ സമ്മതിച്ചു.

എന്നാൽ കഥ പറഞ്ഞ നിമിഷം മുതൽ അവരുടെ അവിശ്വസനീയമായ കാഴ്ചപ്പാട് കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഗീതു ഒരു മികച്ച സംവിധായിക എന്നതിലുപരി, ഓരോ അഭിനേതാവിനെയും സ്വന്തം കൈപിടിച്ച് പ്രയാസകരമായ നിമിഷങ്ങളിൽ കൂടെനിർത്തി പരിചരിച്ച അത്ഭുതകരമായ ഒരു വനിതയാണ്. താൻ ഒപ്പം ജോലി ചെയ്യുന്ന എല്ലാവരോടും അവൾക്ക് അഗാധമായ സ്നേഹവും കരുതലുമുണ്ട്. ഗീതു, ഞങ്ങൾ എല്ലാവരും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു." നയൻതാര പറഞ്ഞു.

നായകനായ യഷിനേക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ രാധികാ പണ്ഡിറ്റിനേക്കുറിച്ചും നയൻതാര സംസാരിച്ചു. "ഞാൻ ഒട്ടനവധി സൂപ്പർതാരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ യഷിനെ കണ്ടപ്പോൾ, സ്ക്രീനിൽ കാണുന്ന ആ വലിയ 'റോക്കി' പ്രതിച്ഛായ പോലെ തന്നെയാണ് അദ്ദേഹം യഥാർത്ഥ ജീവിതത്തിലും എന്ന് എനിക്ക് മനസ്സിലായി. അതിലുപരി, എന്റെ ജീവിതത്തിൽ ഇത്രയും കഠിനാധ്വാനം ചെയ്യുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സെറ്റിലെ ഓരോ ദിവസവും ഞാൻ അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. തന്റെ വ്യക്തിജീവിതവും കുടുംബത്തോടും മക്കളോടും ഒപ്പം ചെലവഴിക്കേണ്ട സമയവും പൂർണമായി മാറ്റിവെച്ച്, തന്റെ ജീവിതത്തിലെ നാലര വർഷമാണ് അദ്ദേഹം ഈ സിനിമയ്ക്കായി നൽകിയിരിക്കുന്നത്.

ജോലിയും തിരക്കഥയും ഷൂട്ടിംഗും ഒപ്പം ഓരോ അഭിനേതാവും സുഖമായിരിക്കുന്നുണ്ടെന്നും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നൽകുന്നുണ്ടെന്നും ഉറപ്പാക്കുന്നതിലേക്ക് മാത്രമാണ് അദ്ദേഹം പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഗീതുവിനെ അദ്ദേഹം പരിചരിച്ചതുപോലെ ഒരു സംവിധായകനെ മറ്റേതൊരു നടനോ സഹനിർമ്മാതാവോ പരിചരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒരു നടൻ, നിർമാതാവ്, കുടുംബനാഥൻ, സത്യസന്ധനായ മനുഷ്യൻ എന്നീ നിലകളിൽ യഷ്, എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്.

രാധികയെക്കുറിച്ചും എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു സിനിമ ബ്ലോക്ക്ബസ്റ്റർ ആകുമ്പോൾ എല്ലാവരും കാസ്റ്റിനെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചും സംസാരിക്കുന്നു, എന്നാൽ ആരുടെയും കുടുംബങ്ങളെക്കുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും ആരും സംസാരിക്കുന്നില്ല. യഷിന്റെ ഏറ്റവും വലിയ ശക്തി രാധികയാണ്, അദ്ദേഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി തന്റെ ഭർത്താവിനൊപ്പമുള്ള സമയം അവൾ മാറ്റിവെച്ച രീതി അത്ഭുതപ്പെടുത്തുന്നതാണ്. നിങ്ങളോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്." നയൻതാര സംഭാഷണം അവസാനിപ്പിച്ചതിങ്ങനെ.

യഷും ഗീതു മോഹൻദാസും ചേർന്നാണ് ടോക്സിക്കിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗോപൻ ചിദംബരമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. രവി ബസ്രൂർ, വിശാൽ മിശ്ര, തനിഷ്ക് ബാഗ്ചി എന്നിവരാണ് സംഗീത സംവിധാനം. ജെ.ജെ. പെറി, അൻപറിവ്, കെച്ച കംഫാക്ഡീ, അമൃത് സിംഗ് എന്നിവരാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.