2011-ൽ സിനിമയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി നയൻതാര. ജീവിതത്തില്‍ സ്‌നേഹത്തിനായി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നാണ് അന്ന് വിശ്വസിച്ചിരുന്നതെന്ന് നടി പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടറിനോടാണ് നടി പ്രതികരിച്ചത്. വിവാഹത്തിന് ശേഷം സിനിമയിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹമാണ് തന്നോട് ആവശ്യപ്പെട്ടതെന്നും തനിക്ക് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ലെന്നും പ്രഭുദേവയുമൊത്തുള്ള ബന്ധത്തെ പരാമർശിച്ചുകൊണ്ട് നയൻതാര നേരത്തേ പറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ആറ്റ്ലി ചിത്രം രാജാ റാണിയിലൂടെയാണ് പിന്നീട് നയൻതാര ഗംഭീര തിരിച്ചു വരവ് നടത്തിയത്. 

To advertise here,

സിനിമാ മേഖലയില്‍ വ്യത്യസ്തങ്ങളായ പ്രണയബന്ധങ്ങളുണ്ടായിട്ടുണ്ട്. ഞാന്‍ അത് മോശമാണെന്ന് പറയുന്നില്ല. അങ്ങനെയാണ് ഈ മേഖലയില്‍ കുറേ കാലമായി കണ്ടുവരുന്നത്. രണ്ടാം വിവാഹം പോലെ. ജീവിതത്തില്‍ സ്‌നേഹത്തിനായി വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നാണ് എന്നിലുള്ള പെണ്‍കുട്ടി കരുതിയിരുന്നത്. നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടമല്ലെങ്കില്‍ അത് ത്യജിക്കേണ്ടിവരുമെന്നാണ് പ്രണയത്തെക്കുറിച്ച് അന്ന്  മനസിലാക്കിയിരുന്നതെന്നും നയൻതാര പറഞ്ഞു. 

ആ ബന്ധമാണ് എന്നെ ഇന്നത്തെ ഞാനാക്കിമാറ്റിയത്. പ്രണയത്തെക്കുറിച്ചുള്ള ധാരണകള്‍ മാറിയത് എന്റെ ഭര്‍ത്താവിനെ കണ്ടുതുടങ്ങിയതുമുതലാണ്. ഇപ്പോഴാണ് ഉപാധികളില്ലാത്ത പ്രണയമെന്നത് നിലനില്‍ക്കുന്ന ഒന്നാണെന്ന് മനസിലായതെന്നും അവര്‍ പറഞ്ഞു. 

പ്രഭുദേവയുമൊത്ത് സൗഹൃദത്തിലായിരുന്ന നയൻതാര അദ്ദേഹത്തെ വിവാഹം കഴിച്ച് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, അദ്ദേഹവുമൊത്തുള്ള ബ്രേക്കപ്പ് നയൻതാരയുടെ തന്നെ ജീവിതം മാറ്റിമറിക്കുകയായിരുന്നു. നേരത്തെ തന്നെ വിവാഹിതനായ പ്രഭുദേവ നയൻതാരയുമൊത്ത് ഒന്നിക്കുന്നു എന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഭാര്യ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർക്കുകയും ചെയ്തു. വിവാഹം കഴിയുന്നതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുമെന്നും തന്റെ അവസാന ചിത്രമായിരിക്കും 'ശ്രീ രാമ രാജ്യം' എന്നും നയൻതാര പ്രഖ്യാപിച്ചിരുന്നു. പലരും നയൻതാര എടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

സംവിധായകൻ ദസരി നാരായണ റാവു നയൻതാരയോട് നേരിട്ട് പറഞ്ഞു, 'സിനിമയിൽ നിന്ന് വിട്ടു നിൽക്കരുത്' എന്ന്. എന്നാൽ അന്ന് നയൻതാര തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. പക്ഷെ, പ്രഭുദേവയുടെ ഭാര്യ ലത വിവാഹമോചനത്തിനു തയ്യാറാകാതായതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിൽ വിള്ളൽ വീണു. ഇതോടെ നയൻതാര തന്റെ തീരുമാനം മാറ്റുകയായിരുന്നു. 

തമിഴില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ കാലത്ത് താരം സിമ്പുവുമായി പ്രണയത്തിലാണെന്നു ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ ആ ബന്ധം അധികം നീണ്ടുനിന്നില്ല. പിന്നീട് താരം നടനും നൃത്തസംയോജകനുമായ പ്രഭുദേവയുമായി അടുപ്പത്തിലായത്. അതിനു ശേഷമാണ് നയന്‍താര വിഗ്നേഷുമായി അടുപ്പത്തിലാകുന്നത്. നാനും റൗഡി നാന്‍ താന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അത്.