വീണ്ടും സെല്‍ഫ് ട്രോള്‍ പോസ്റ്റുമായി നടി നവ്യാ നായര്‍. ഇത്തവണ പഴയ ചിത്രം പങ്കുവെച്ചാണ് ട്രോള്‍. വിമാനയാത്രയുടെ ചിത്രമാണ് നവ്യ പങ്കുവെച്ചത്.

To advertise here,

'എവിടെയാണോ എന്തോ. തലയില്‍ മുല്ലപ്പൂ ഇല്ലാത്തതുകൊണ്ട് ഓസ്‌ട്രേലിയ പോവുകയല്ല. ഹാപ്പി മടിപിടിച്ച ഡേ', എന്നായിരുന്നു നവ്യയുടെ കുറിപ്പ്. ചിത്രം എപ്പോഴെടുത്തതാണെന്ന് ഓര്‍മയില്ലെന്നും നവ്യ കുറിച്ചു.

മുല്ലപ്പൂ കൈവശംവെച്ചതിന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നടിക്ക് ഒരുലക്ഷം രൂപയിലേറെ പിഴയിട്ടിരുന്നു. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൈവശംവെച്ചതിന് പിഴചുമത്തിയെന്ന് നടി തന്നെയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തുറന്നുപറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യാ നായര്‍ ഓസ്ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്.

മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്ന് പറഞ്ഞ താരം പക്ഷേ, അറിവില്ലായ്മ ഒഴിവുകഴിവല്ലെന്നും സമ്മതിച്ചു. നവ്യാ നായരില്‍നിന്ന് 1980 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്.