
ഡൽഹിയിലെ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത റിയ ആഹിർ എന്ന യുവമോഡൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ദാദറിലെ ശിവജി പാർക്കിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത വിദ്യാർഥികളുമായി പോയ പോലീസ് വാൻ ഒറ്റയ്ക്ക് തടഞ്ഞുനിർത്തി പ്രതിഷേധിച്ച റിയയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ഈ ചിത്രം പുനരാവിഷ്‌കരിച്ചിരിക്കുകയാണ് നടി നവ്യാ നായർ. എന്നാൽ, ചിത്രം നിമിഷങ്ങൾക്കകം നടി തന്നെ പിൻവലിക്കുകയും ചെയ്തു.
റിയയുടെ ചിത്രത്തെ അനുസ്മരിപ്പിക്കും വിധം പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ പങ്കുവെച്ചത്. കൊൽക്കത്തയിൽനിന്നുള്ളതാണെന്ന് ചിത്രത്തിൽനിന്ന് വ്യക്തമാവുന്നത്. വന്ദേ മാതരം പശ്ചാത്തല സംഗീതമായാണ് നടി ചിത്രം പങ്കുവെച്ചത്. മറ്റ് വിശദീകരണങ്ങളൊന്നുണ്ടായിരുന്നില്ല.
നവ്യയുടെ ചിത്രം സി.ജെ.പി. സമരത്തിനുള്ള പിന്തുണയാണെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാഖ്യാനം ഉയർന്നു. പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നടി ചിത്രം പിൻവലിച്ചു.
പോസ്റ്റ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കമന്റുമായി ആരാധകരെത്തി. നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ച പോസ്റ്റിനെ പരിഹസിച്ച് 'ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ' എന്ന നവ്യയുടെ ‘നന്ദനം’ എന്ന ചിത്രത്തിലെ സംഭാഷണം ഓർമിപ്പിച്ചാണ് ഒരു കമന്റ്. 'പോലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ', എന്നും ചിലർ ചോദിക്കുന്നു.
ഹുഡിയും തൊപ്പിയും ധരിച്ച് മഴയത്ത് വാൻ തടഞ്ഞുനിൽക്കുന്ന റിയയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. മഴയെ അവഗണിച്ച് നടുറോഡിലിറങ്ങി പോലീസ് വാഹനത്തിന് മുന്നിൽക്കയറിനിന്ന് തടയുന്ന റിയയാണ് ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. എൻജിൻ ഇരപ്പിച്ച് പോലീസ് ഭയപ്പെടുത്താൻ നോക്കിയിട്ടും റിയ പിന്മാറാൻ തയ്യാറായിരുന്നില്ല. വാഹനത്തിൽ കൈയുംകുത്തിനിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ അവിടെനിന്നവർ ആവേശത്തോടെ മുദ്രാവാക്യം ഏറ്റുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പോലീസ് വാനിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോൾ ഒരു പൗരയെന്ന നിലയിൽ സ്വയം തോന്നിയാണ് വാനിനു മുന്നിൽ കയറിനിന്നതെന്ന് റിയ പിന്നീട് പ്രതികരിച്ചു. വണ്ടിയിൽ വിദ്യാർഥികളെ കുത്തിനിറച്ചത് പുറത്തുനിന്ന് കാണാമായിരുന്നു. അവർ അലറി വിളിക്കുകയായിരുന്നു. പോലീസുകാർവരെ പടികളിൽ തൂങ്ങിക്കിടക്കുകയായിരുന്നു. അറസ്റ്റ് മെമോ ഉണ്ടോ എന്ന് ചോദിച്ചു. മറുപടിയില്ലാതായതോടെ വിദ്യാർഥികളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് റിയ ശാഠ്യംപിടിച്ചു.
Content Highlights: Actress Navya Nair shared a picture posing in front of a police vehicle in Kolkata, echoing the viral protest photo of model Rhiya Ahir. The post featured 'Vande Mataram' as its background score without any additional caption or political clarification. Social media users quickly interpreted the photo as Navya's implicit solidarity with the CJP-led student protests in Mumbai. Following intense online discussions and widespread commentary, the actress deleted the post within a few hours. Fans and social media users reacted with lighthearted criticism and trolls, referencing famous movie dialogues from her past films.
Published: 25 Jul 2026, 11:18 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented