
തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയും സൂപ്പർഹിറ്റ് സംവിധായകൻ കൊരട്ടാല ശിവയും ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. എൻബികെ 112 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം, എസ്എൽവി സിനിമാസിന്റെയും യുവസുധ ആർട്സിന്റെയും ബാനറിൽ നിർമാതാക്കളായ സുധാകർ ചെറുകുരിയും സുധാകർ മിക്കിലിനെനിയും ചേർന്നാണ് നിർമിക്കുന്നത്. വ്യാഴാഴ്ച അമരാവതിയിൽ നടന്ന പൂജാ ചടങ്ങുകളോടെ ചിത്രം ലോഞ്ച് ചെയ്തു.
ചടങ്ങിൽ ആന്ധ്രാപ്രദേശ് മന്ത്രിമാരായ നരാ ലോകേഷ്, കണ്ടൂല ദുർഗേഷ് എന്നിവർ മുഖ്യാതിഥികളായി. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖരായ സുരേഷ് ബാബു, ഗോപിചന്ദ് മാലിനേനി, വെങ്കട സതീഷ് കിലാരു, സാഹു ഗരപതി എന്നിവർ ചേർന്ന് തിരക്കഥ നിർമാതാക്കൾക്ക് കൈമാറി. കണ്ഡുല ദുർഗേഷ് സ്വിച്ച് ഓൺ നിർവഹിച്ചപ്പോൾ നരാ ലോകേഷ് ക്ലാപ്പ് ബോർഡ് നൽകി. ബാലകൃഷ്ണയുടെ മകൾ നന്ദമുരി തേജസ്വിനിയും ചടങ്ങിൽ സന്നിഹിതയായിരുന്നു. തേജസ്വിനി ആണ് ചടങ്ങിലെ ആദ്യ ഷോട്ട് സംവിധാനം ചെയ്തത്.
ചടങ്ങിൽ പങ്കെടുക്കാൻ അവസരം നൽകിയതിന് തന്റെ ഭാര്യാ പിതാവ് കൂടിയായ ബാലകൃഷ്ണയോട് നന്ദി അറിയിച്ച നരാ ലോകേഷ്, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ, അമരാവതിയിൽ ചലച്ചിത്ര വ്യവസായത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുക എന്ന കാഴ്ചപ്പാടോടെയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി. സിനിമയ്ക്കൊപ്പം, സ്രഷ്ടാക്കളുടെ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്നതും മുഖ്യമന്ത്രിയുടെ ലക്ഷ്യമാണ്. ഇത് കൈവരിക്കുന്നതിന്, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, നൂതന സ്റ്റുഡിയോകൾ, ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും വ്യവസായത്തിന് സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തതിന് മന്ത്രിമാർക്ക് നന്ദി പറഞ്ഞ കൊരട്ടാല ശിവ, എഴുത്തുകാരനും സംവിധായകനും ആകുന്നതിന് മുമ്പ്, ബാലകൃഷ്ണ അഭിനയിച്ച സിനിമകളിൽ സഹ എഴുത്തുകാരനായും സംവിധായകനായും പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചത് ഓർത്തെടുത്തു. താൻ എപ്പോഴും അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് എന്നും, ബാലകൃഷ്ണയ്ക്കുവേണ്ടി ഒരു സിനിമ എഴുതാനും സംവിധാനം ചെയ്യാനും അവസരം ലഭിക്കുന്നത് വലിയ അനുഗ്രഹമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബാലകൃഷ്ണ ആരാധകർക്കും സിനിമാ പ്രേമികൾക്കും ചിത്രം അവിസ്മരണീയ വിരുന്നായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദശലക്ഷക്കണക്കിന് ആരാധകരുടെ സ്‌നേഹവും വാത്സല്യവും നേടിയെടുക്കാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവനായി കരുതുന്നുവെന്ന് നന്ദമുരി ബാലകൃഷ്ണ പറഞ്ഞു. തേജസ്വിനി മുമ്പ് തന്റെ അൺസ്റ്റോപ്പബിൾ എന്ന ഷോയുടെ ക്രിയേറ്റീവ് സൈഡിൽ പ്രവർത്തിച്ചിട്ടുണ്ട കാര്യം അദ്ദേഹം ഓർത്തെടുത്തു. ആന്ധ്രാപ്രദേശിൽ ഇത്ര വലിയ ചലച്ചിത്ര ലോഞ്ച് നടന്നിട്ട് രണ്ടുപതിറ്റാണ്ടായെന്നും സംവിധായകനും നിർമാതാക്കളുമായുള്ള തന്റെ ആദ്യ സഹകരണമാണിത് എന്നത് ചിത്രത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Official launch of the first collaboration between Balakrishna and Koratala Siva., Project tentatively titled NBK 112., Produced by SLV Cinemas and Yuvasudha Arts., Government of Andhra Pradesh pledges to boost film infrastructure in Amaravati., The project marks a significant milestone in Balakrishna's career
Published: 25 Jun 2026, 08:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented