ആരാധകരോടുള്ള തന്റെ സ്നേഹം എത്രമാത്രമാണെന്ന് തുറന്നുപറഞ്ഞ് തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ. ആരാധകരുമായുള്ള തന്റെ ബന്ധം പല ജന്മങ്ങളായുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. റിലീസിനൊരുങ്ങുന്ന അഖണ്ഡ 2-താണ്ഡവം എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നായികയായ സംയുക്താ മേനോനും ചടങ്ങിൽ സന്നിഹിതയായിരുന്നു.

To advertise here,

പോയ ജന്മങ്ങളിലെ ബന്ധം എന്നാണ് ബാലകൃഷ്ണ ആരാധകരെ വിശേഷിപ്പിച്ചത്. ലക്ഷക്കണക്കിന് ആരാധകരെ നേടാൻ കഴിഞ്ഞത് ഏതോ ജന്മത്തിലെ ബന്ധം കൊണ്ടാണെന്ന് തനിക്ക് തോന്നുന്നു. ആരാധകരുമായുള്ള തൻ്റെ ബന്ധം ഈ ഒരു ജന്മത്തിലേത് മാത്രമല്ല. പല ജന്മങ്ങളിൽ നിന്നുമുള്ളതാണെന്നും ബാലകൃഷ്ണ പറഞ്ഞു.

ചിത്രത്തിന്റെ നിർമാതാക്കളെ പരാമർശിക്കുമ്പോൾ ഇവർതന്നെ നിർമിച്ച ലെജൻഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു സംഭവവും അദ്ദേഹം ഓർത്തെടുത്തു. "വിശാഖപട്ടണത്തെ ആർ.കെ. ബീച്ചിലെ ചിത്രീകരണത്തിന് ചെന്നൈയിൽ നിന്ന് കരുത്തേറിയ ഒരു കറുത്ത കുതിരയെ കൊണ്ടുവന്നു. ബീച്ച് റോഡിൽ ഒരു കോഫി ഷോപ്പ് ഉണ്ടായിരുന്നു. രക്ഷപ്പെട്ടോടുന്ന വില്ലനെ ഞാൻ കുതിരപ്പുറത്ത് പിന്തുടരുന്നതായിരുന്നു രംഗം. ആ ഷോട്ട് യാഥാർത്ഥ്യമായി തോന്നണമെന്ന് ഞാൻ പറഞ്ഞു. ആവശ്യമെങ്കിൽ, കുതിര കോഫി ഷോപ്പിന്റെ ഗ്ലാസ് തകർത്ത് പുറത്തേക്ക് വരണം.

അത് ഷുഗർ ഗ്ലാസ് ആണോ എന്ന് ഞാൻ ചോദിച്ചു; അല്ല, യഥാർത്ഥ ഗ്ലാസ് ആണെന്ന് അവർ പറഞ്ഞു. അത് മാറ്റി ഷുഗർ ഗ്ലാസ് വെക്കാൻ ഞാൻ ആവശ്യപ്പെട്ടു. ആ ഷോട്ട് അപകടം പിടിച്ചതായിരുന്നു, പക്ഷേ സംവിധായകൻ ബോയപതി ശ്രീനുവിന് കാര്യങ്ങൾ എങ്ങനെ ശ്രദ്ധിക്കണമെന്ന് അറിയാമായിരുന്നു. കുതിര മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ പാഞ്ഞു, ഗ്ലാസ് തകർത്തു. അവിടെയുണ്ടായിരുന്ന 40,000-ത്തോളം വരുന്ന ജനക്കൂട്ടം അഞ്ച് മിനിറ്റോളം നിർത്താതെ കൈയടിച്ചു. അതൊരു വിഡ്ഢിത്തമായിരുന്നില്ല. അത് സിനിമയോടുള്ള അഭിനിവേശമായിരുന്നു. അത്തരം നിമിഷങ്ങൾ എക്കാലവും നിലനിൽക്കും." ബാലകൃഷ്ണ കൂട്ടിച്ചേർത്തു.

ബോയപതി ശ്രീനു-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ 'അഖണ്ഡ 2: താണ്ഡവം', ഇവരുടെ മുന്‍ ചിത്രമായ 'അഖണ്ഡ'യുടെ തുടര്‍ച്ചയായാണ് ഒരുക്കിയിരിക്കുന്നത്. 14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കുകളിലാണ് ചിത്രത്തില്‍ ബാലകൃഷ്ണയെ അവതരിപ്പിക്കുന്നത്.

സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിനിഷെട്ടിയാണ്. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്.