ചെന്നൈ: നിത്യഹരിത ഗാനങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയസംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.

To advertise here,

1955 മാർച്ച് 5ന് തമിഴ്‌നാട്ടിലാണ് എസ്.പി.വെങ്കിടേഷ് ജനിച്ചത്. മാൻഡലിൻ വാദകനായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച അദ്ദേഹം  സംഗീത സംവിധായകരായ രവീന്ദ്രൻ, എ.ടി. ഉമ്മർ തുടങ്ങിയവരുടെ സഹായിയായാണ് പ്രവർത്തനം തുടങ്ങിയത്. 1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലെ നിരവധി ചിത്രങ്ങളുടെ ഓർക്കസ്ട്രയിൽ അദ്ദേഹം പ്രവർത്തിച്ചു.

1971-ൽ സംഗീത സംവിധായകനായ വിജയഭാസ്‌കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി തുടങ്ങിയ അദ്ദേഹം 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 1983-ലാണ് മലയാള ത്തിൽ സജീവമാകുന്നത്.

1986-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലൻ എം.എ എന്ന സിനിമയിൽ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച് എസ്.പി.വെങ്കിടേഷ് ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമയിൽ സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്.

1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ തുടക്കം. സിനിമ പോലെ തന്നെ അതിലെ പാട്ടുകളും വൻ ഹിറ്റായതോടെ എസ്.പി.വെങ്കിടേഷിന്റെ ഗാനങ്ങൾ മലയാളത്തിൽ ഒരു തരംഗമായി മാറുകയായിരുന്നു.

പിന്നീട് പുറത്തിറങ്ങിയ പല ഹിറ്റ് സിനിമകൾക്കും പശ്ചാത്തലസംഗീതവും ഗാനങ്ങളുമൊരുക്കി സൂപ്പർഹിറ്റ് സംഗീതസംവിധായകൻ എന്ന പേരും എസ്.പി. വെങ്കടേഷ് സ്വന്തമാക്കി. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടർക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവർ, ജോണിവാക്കർ, ദേശാനടക്കിളികൾ കരയാറില്ല, കിലുക്കം, ദേവാസുരം, വാത്സല്യം, കാബൂളിവാല, പൈതൃകം, സൈന്യം, മിന്നാരം, കാശ്മീരം, സ്ഫടികം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കി. വിവിധ ഭാഷകളിലായ 500 ലധികം ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ അദ്ദേഹം മലയാളത്തിൽ ഏകദേശം 150 ഓളം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

തമിഴ്, കന്നട, ബംഗാളി, തെലുങ്ക്, ഹിന്ദി സിനിമകളിലും പ്രവർത്തിച്ച അദ്ദേഹം 1999 ൽ ഇതു മുടിവിതില്ലൈ എന്ന തമിഴ് സിനിമയ്ക്ക് വേണ്ടി ഒൻപത് ഗാനങ്ങളാണ് ഒറ്റ ദിവസം ചിട്ടപ്പെടുത്തിയത്. വെള്ളേപ്പം എന്ന ചിത്രത്തിനാണ് അവസാനം സംഗീതമൊരുക്കിയത്. 1993-ൽ പൈതൃകം, ജനം എന്നീ സിനിമകളിലെ സംഗീതസംവിധാനത്തിന് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എസ്. പി. വെങ്കടേഷിനെ തേടിയെത്തി.

സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് ചെന്നൈ അൽപാക്കത്ത് നടക്കും.