
തമിഴിൽ ഏറെ ആരാധകരുള്ള രണ്ടുപേരാണ് നടൻ ശിവകാർത്തികേയനും സംഗീത സംവിധായകൻ ഡി. ഇമ്മനും. ഇരുവരും ഒരുമിച്ച ചിത്രങ്ങളിലെ പാട്ടുകളെല്ലാം ഇപ്പോഴും സൂപ്പർഹിറ്റുകളാണ്. എന്നാൽ അടുത്തിടെയായി രണ്ടുപേരും അത്ര രസത്തിലല്ല എന്നാണ് പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തിൽ വാസ്തവമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് ഡി. ഇമ്മൻ. ശിവകാർത്തികേയൻ തന്നെ ചതിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.
വൗ തമിഴാ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശിവകാർത്തികേയനുമായുണ്ടായ പ്രശ്നത്തേക്കുറിച്ച് ഡി. ഇമ്മൻ സൂചിപ്പിച്ചത്. നടനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ ഡി. ഇമ്മൻ, ഭാവിയിൽ ശിവകാർത്തികേയന്റെ ചിത്രങ്ങൾക്കായി സംഗീതസംവിധാനം നിർവഹിക്കില്ലെന്ന് വ്യക്തമാക്കി. എന്താണ് തങ്ങൾക്കിടയിലെ പ്രശ്നങ്ങളെന്ന് ഇപ്പോൾ പറയില്ല. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചുവെന്നും അത് സ്വന്തം ജീവിതത്തെ മാറ്റിമറിച്ചെന്നും ഡി. ഇമ്മൻ വ്യക്തമാക്കി.
മനം കൊത്തി പറവൈയിലാണ് ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയത്. പിന്നീട് വരുത്തപ്പെടാത വാലിബർ സംഘം, രജനിമുരുകൻ, സീമരാജ, നമ്മ വീട്ട് പുള്ളൈ എന്നീ ചിത്രങ്ങൾ പിന്നീട് ഒരുമിച്ച് ചെയ്തു. ഈ ചിത്രങ്ങളും പാട്ടുകളുമെല്ലാം ഹിറ്റായി. എന്നാൽ പിന്നീട് വ്യക്തിപരമായ പ്രശ്നങ്ങൾ സംഭവിച്ചു. ഈ ജന്മത്തിൽ വീണ്ടും ഒരുമിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകും. വലിയ ഒരു ദ്രോഹമാണ് ശിവകാർത്തികേയൻ തന്നോട് ചെയ്തത്. അത് പുറത്തുപറയാൻ സാധിക്കില്ല. ദ്രോഹം എന്നത് അങ്ങനെയൊക്കെയാണ് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
എന്നോടു ചെയ്ത ദ്രോഹം തിരിച്ചറിയാൻ വളരെ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകൾ ഞാനിനി ചെയ്യില്ല. എന്നോട് എങ്ങനെ ഇത് ചെയ്യാൻ തോന്നി എന്ന് ചോദിച്ചിരുന്നു. അതിന് ശിവകാർത്തികേയൻ പറഞ്ഞ മറുപടി വെളിപ്പെടുത്താനാകില്ല. ചില കാര്യങ്ങൾ മറച്ചുവെയ്ക്കപ്പെടുകതന്നെ വേണം. അതിന് കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാർ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഞാനാരാണെന്ന് എനിക്കറിയാം. അപകടങ്ങൾ മുൻകൂട്ടി പറഞ്ഞിട്ടാണോ നടക്കുന്നത്. അതുപോലെ ഒന്നാണിത്. ജീവിതത്തിൽ സങ്കടങ്ങളുണ്ടാവും. അതിന് ഇദ്ദേഹം മാത്രമാണ് കാരണം എന്നുപറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്, ഇമ്മൻ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. അദ്ദേഹത്തിൽ നിന്ന് തനിക്ക് ഇതുപോലൊരു ദുഃഖം വന്നത് ഉൾക്കൊള്ളാനാവില്ല. ഇതൊരു സർഗ്ഗാത്മക ഇടമാണ്, എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്താൽ, തന്റെ കലയോട് തനിക്ക് സത്യസന്ധത പുലർത്താൻ കഴിയുമെന്ന് കരുതുന്നില്ല. പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ആളല്ല താനെന്നും ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാൻ കഴിയില്ലെന്നും ഡി. ഇമ്മൻ കൂട്ടിച്ചേർത്തു.
Content Highlights: music director d imman against actor siva karthikeyan, rift between d imman and siva karthikeyan
Published: 17 Oct 2023, 08:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented